X
    Categories: Sports

ഇവന്‍ ഇന്ത്യയുടെ ഭാവി സൂപ്പര്‍താരം

 

ഓര്‍മയില്‍ തെളിഞ്ഞ് നില്‍ക്കുന്നത് ആ ചരിത്ര മുഹൂര്‍ത്തമാണ്. 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സ് ഷൂട്ടിംഗ് അറീനയില്‍ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി ദേശീയ പതാക നോക്കി സല്യൂട്ട് ചെയ്ത അഭിനവ് ബിന്ദ്രയെ…. ഒളിംപിക്‌സ് എന്ന മഹാമാമാങ്ക വേദിയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ വ്യക്തിഗത സ്വര്‍ണം. അതേ സന്തോഷമാണ് ഇന്നലെ നമ്മുടെ കൊച്ചു താരം അനീഷ് ബന്‍വാല സമ്മാനിച്ചിരിക്കുന്നത്. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായ പയ്യന്‍സ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ ചരിത്ര നേട്ടവുമായി സ്വര്‍ണം സ്വന്തമാക്കിയിരിക്കുന്നു. പതിനഞ്ചാം വയസ്സില്‍ രാജ്യാന്തര കായിക ഭൂമികയില്‍ അരങ്ങ് തകര്‍ത്തിട്ടുണ്ട് സച്ചിന്‍ ടെണ്ടുല്‍ക്കറും അഭിനവ് ബിന്ദ്രയുമെല്ലാം. പാക്കിസ്താന്‍ ലോക ക്രിക്കറ്റില്‍ അത്യുന്നതിയില്‍ നില്‍ക്കുമ്പോള്‍ ഇമ്രാന്‍ഖാന്റെയും വസീം അക്രമിന്റെയും പന്തുകളെ അതിജയിച്ചിട്ടുണ്ട് സച്ചിന്‍. 1998 ല്‍ തന്റെ ആദ്യ കോമണ്‍വെല്‍ത്ത്് ഗെയിംസില്‍ പങ്കെടുക്കുമ്പോള്‍ അഭിനവിന്റെ പ്രായം 15 വയസ്സായിരുന്നു. മേല്‍പ്പറഞ്ഞ രണ്ട് പേരും പിന്നീട് ഇന്ത്യന്‍ കായികതയുടെ അംബാസിഡര്‍മാരായ ചരിത്രമുള്ളപ്പോള്‍ അനീഷ് നല്‍കുന്നത് വലിയ പ്രതീക്ഷയാണ്.കഴിഞ്ഞ വര്‍ഷം ജൂനിയര്‍ തലത്തില്‍ ഉന്നത വിജയങ്ങള്‍ നേടിയ അനീഷ് ഇന്നലെ വലിയ വേദിയില്‍ പ്രകടിപ്പിച്ച ആത്മവിശ്വാസത്തിനാണ് ആദ്യ മാര്‍ക്ക് നല്‍കേണ്ടത്. ഒളിംപിക്‌സും ഏഷ്യന്‍ ഗെയിംസും കഴിഞ്ഞാല്‍ കായിക ഭൂമികയിലെ ഏറ്റവും വലിയ മേള. ഓസ്‌ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയുമെല്ലാം ശക്തരായ പ്രതിയോഗികള്‍. അവര്‍ക്കെതിരെ ഷൂട്ട് ചെയ്യുമ്പോള്‍ ഏകാഗ്രത മാത്രം പോര-മന:ക്കരുത്ത് തന്നെ വേണം. എസ്.എസ്.എല്‍.സി പ്രായമുള്ള ഒരു പയ്യന്‍സിന് ആശങ്കയും സമ്മര്‍ദ്ദവുമെല്ലാം നല്‍കുന്ന മല്‍സരവേദിയില്‍ പക്ഷേ എല്ലാവരെയും പിറകിലാക്കുന്ന പ്രകടനമാണ് അവന്‍ നടത്തിയത്. ജസ്പാല്‍ റാണ എന്ന ഇന്ത്യയുടെ മുന്‍ ചാമ്പ്യന്‍ ഷൂട്ടറാണ് അനീഷിനെയും സഹോദരി മുസ്‌കാനെയും പരിശീലിപ്പിക്കുന്നത്. പരിശീലനത്തിന്റെ കരുത്തിലും മല്‍സര വേദി നല്‍കുന്ന സമ്മര്‍ദ്ദത്തെ കൂളായി അവഗണിച്ച ശേഷം സ്വര്‍ണവുമായി ദേശീയ പതാക ഉയര്‍ത്തി അനീഷ് ചിരിച്ചപ്പോള്‍ ഇന്ത്യയാണ് ഉയരങ്ങളിലെത്തിയത്. ഇന്നലെ മലയാളികളായ രണ്ട് താരങ്ങള്‍ രാജ്യത്തിന് ചീത്തപ്പരേുണ്ടാക്കിയപ്പോഴാണ് ഒരു കൊച്ചു താരം വാനോളം ഉയര്‍ന്നത് എന്നതും മറക്കരുത്. ഷൂട്ടിംഗ് വേദി കൂറെ കാലമായി രാജ്യാന്തര കായിക വേദികളില്‍ ഇന്ത്യയുടെ സ്വര്‍ണ ഖനിയാണ്-ആ ഖനിയുടെ പുതിയ വിലാസമാണ് അനീഷ്.

chandrika: