X

ലോകകപ്പിന്റെ നിരാശകളിലൊന്ന് ഇതാണ്

ദോഹ: 22ാമത് ലോകകപ്പിന്റെ നിരാശകളിലൊന്ന് പുത്തന്‍ താരോദയമുണ്ടായില്ല എന്നതാണ്. അനുഭവ സമ്പന്നനായ മെസി തന്നെയായിരുന്നു താരം. കിലിയന്‍ എംബാപ്പെയും കരുത്തനായി. 64 മല്‍സരങ്ങളെ വിലയിരുത്തുമ്പോള്‍ ഗ്യാലറികളുടെ താരങ്ങള്‍ ഇവരായിരുന്നു. അവസാന ലോകകപ്പില്‍ നിരാശപ്പെടുത്തിയ മെസി ഖത്തറില്‍ ആദ്യ മല്‍സരം മുതല്‍ യഥാര്‍ത്ഥ കപ്പിത്താനായിരുന്നു. ടീമിനെ മുന്നില്‍ നിന്ന് അദ്ദേഹം നയിച്ചു. ധാരാളം ഗോളുകള്‍ സ്‌കോര്‍ ചെയ്തു. നിര്‍ണായക അസിസ്റ്റുകള്‍ നല്‍കി. ഇപ്പോഴും ലോകത്ത് തന്നെ വെല്ലാന്‍ മറ്റാരുമില്ലെന്ന് അദ്ദേഹം തെളിയിച്ചപ്പോള്‍ നാളെയുടെ താരമെന്ന ഖ്യാതി മറ്റാര്‍ക്കുമല്ല. എംബാപ്പെ എന്ന 24 കാരന് തന്നെ.

2018 ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ മികച്ച യുവ വാഗ്ദാനമായി തിരഞ്ഞെടുക്കപ്പെട്ട എംബാപ്പെ ഖത്തറിലെത്തിയപ്പോള്‍ ഫ്രാന്‍സിന്റെ നെടും തൂണായി. കരീം ബെന്‍സേമ പരുക്കില്‍ പുറത്തായതോടെ മുന്‍നിരയുടെ ഭാരം അദ്ദേഹം ഏറ്റെടുത്തു. കിടിലന്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തു. ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് അവസാന ലോകകപ്പില്‍ തിളങ്ങാനായില്ല. ടീമിലെ വിവാദങ്ങള്‍ താരത്തെ തളര്‍ത്തി. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, ബെല്‍ജിയത്തിന്റെ റുമേലു ലുക്കാക്കു, നെതര്‍ലന്‍ഡ്‌സിന്റെ മെംഫിസ് ഡിപ്പേ, പോളണ്ടിന്റെ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി, ഡെന്മാര്‍ക്കിന്റെ ക്രിസ്റ്റിയന്‍ എറിക്‌സണ്‍, സ്പാനിഷ് താരങ്ങളായ അല്‍വാരോ മൊറാട്ട, പെഡ്രി, അന്‍സു ഫാത്തി, യുറഗ്വായിയുടെ ലുയിസ് സുവാരസ് എന്നിവരെല്ലാം നിരാശപ്പെടുത്തി.

പോര്‍ച്ചുഗലിന്റെ ഗോണ്‍സാലോ റാമോസ് ഹാട്രിക്കുമായി ശ്രദ്ധ നേടി. യുവതാരങ്ങളില്‍ മിടുക്ക് തെളിയിച്ചത് ജര്‍മനിയുടെ ജമാല്‍ മുസിയാല ആയിരുന്നു. ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിനാല്‍ അദ്ദേഹത്തിന്റെ മികവ് കൂടുതല്‍ ലോകം കണ്ടില്ല. പക്ഷേ മൂന്ന് മല്‍സരങ്ങളില്‍നിന്നായി 19 ഡ്രിബ്ലിങുകളുമായി അദ്ദേഹം മികവ് തെളിയിച്ചു. ഇക്വഡോറിന്റെ വലന്‍സിയ, ഇംഗ്ലണ്ടിന്റെ ബുക്കായോ സാക്കേ, അമേരിക്കയുടെ ക്രിസ്റ്റ്യന്‍ പുലിസിച്ച്, അര്‍ജന്റീനയുടെ ജുലിയന്‍ അല്‍വാരസ്, ബ്രസീലിന്റെ റിച്ചാര്‍ലിസണ്‍ എന്നിവര്‍ കൈയ്യടി നേടി. അല്‍ഭുത സംഘമായ മൊറോക്കോയുടെ ഗോള്‍കീപ്പര്‍ യാസിന്‍ ബൗനോ, മധ്യനിരക്കാരന്‍ ഔനഫി, മധ്യനിരക്കാരന്‍ ഹക്കിം സിയെച്ച്, അനുഭവ സമ്പന്നനായ അഷ്‌റഫ് ഹക്കീമി എന്നിവരെ ലോകം മറക്കില്ല.

web desk 3: