തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ച ഗതാഗത മന്ത്രി തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്ററും തോമസ് ചാണ്ടിക്കൊപ്പം ക്ലിഫ് ഹൗസിലെത്തിയിട്ടുണ്ട്. തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്നലെ എ.കെ.ജി സെന്ററില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടില്ലെന്ന നിലപാടിലാണ് എന്‍സിപി ദേശീയ നേതൃത്വം. ഇന്നലെ രാത്രി മാധ്യമങ്ങളെ കണ്ട തോമസ് ചാണ്ടിയാകട്ടെ കായല്‍കയ്യേറ്റ വിവാദവുമായി ബന്ധപ്പെട്ട് രണ്ടു വഴികളാണ് തനിക്കു മുന്നിലുള്ളതെന്ന് തോമസ്ചാണ്ടി ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിധി പകര്‍പ്പ് കിട്ടിയാല്‍ ഒന്നുകില്‍ സുപ്രീംകോടതിയെ സമീപിക്കുക, അല്ലെങ്കില്‍ മുഖ്യമന്ത്രിയോട് ആരായുകയെന്നാണ് തോമസ് ചാണ്ടി പറഞ്ഞത്.