X

എം.ഡിയില്ലാത്ത സമയം നോക്കി മന്ത്രിയുടെ ചട്ടവിരുദ്ധ നിയമനം

തിരുവനന്തപുരം: മാനേജിംഗ് ഡയരക്ടര്‍ സ്ഥാനത്തുനിന്ന് എം.ജി രാജമാണിക്യം മാറ്റിയതിന് പിന്നാലെ കെ.എസ്.ആര്‍.ടി.സിയില്‍ ചട്ടവിരുദ്ധ നിയമനവുമായി ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഇടപെടല്‍. ചീഫ് ലോ ഓഫീസര്‍ നിലവിലുണ്ടായിരിക്കെ ചട്ടം ലംഘിച്ച് നിയമവകുപ്പില്‍നിന്ന് മറ്റൊരാളെക്കൂടി അതേ സ്ഥാനത്ത് നിയമിച്ചിരിക്കുകയാണ് മന്ത്രി. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ലാതെ നട്ടം തിരിയുമ്പോഴാണ് ലക്ഷക്കണക്കിന് രൂപയുടെ അധികബാധ്യതയുണ്ടാക്കുന്ന നിയമനം കെ.എസ്.ആര്‍.ടി.സിയില്‍ മന്ത്രി നടത്തിയത്.

മുന്‍പ് പലതവണ കെ.എസ്.ആര്‍.ടി.സിയില്‍ ഇഷ്ടക്കാരെ തിരുകി കയറ്റാന്‍ മന്ത്രി ശ്രമം നടത്തിയിരുന്നു. നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും കൈകടത്താനുള്ള മന്ത്രിയുടെ ഓഫീസിന്റെ ശ്രമവും രാജമാണിക്യം അനുവദിച്ചിരുന്നില്ല. സെക്രട്ടറിയേറ്റിലെ സീനിയര്‍ സെക്രട്ടറി ജോകോസ് പണിക്കരെ കെ.എസ്.ആര്‍.ടി.സിയില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിക്കാന്‍ ശ്രമിച്ചെങ്കിലും എം.ഡി ഇതിന് തടയിട്ടിരുന്നു. എന്നാല്‍ രാജമാണിക്യം പോയതോടെ മന്ത്രിയുടെ ഓഫീസ് വീണ്ടും പിടിമുറുക്കുകയായിരുന്നു. ഇതിന് തെളിവാണ് പുതിയ നിയമനം.
നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി വി.എം ചാക്കോയെ കഴിഞ്ഞദിവസം കെ.എസ്.ആര്‍.ടി.സി ചീഫ് ലോ ഓഫീസറായി നിയമിച്ചു. നിലവില്‍ കെ.എസ്.ആര്‍.ടി.സി ട്രെയിനിങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡി.ഷിബുകുമാറാണ് ചീഫ് ലോ ഓഫിസര്‍ തസ്തികയിലുള്ളത്. ഷിബുകുമാറിന് മറ്റൊരു ചുമതല നല്‍കിയപ്പോള്‍ എസ്.രാധാകൃഷ്ണന്‍ എന്നയാള്‍ക്ക് ലോ ഓഫീസറുടെ അധികചുമതല കൊടുത്തു. ചുരുക്കത്തില്‍ ഒരു തസ്തികയില്‍ മൂന്നുപേര്‍ക്ക് ശമ്പളം കൊടുക്കേണ്ട അവസ്ഥയിലാണ് കെ.എസ്.ആര്‍.ടി. സി.

കെ.എസ്.ആര്‍.ടി.സിയില്‍ യോഗ്യരായവരുള്ളപ്പോഴും ബോര്‍ഡ് ആവശ്യപ്പെടാതെയും പുറത്തുനിന്ന് നിയമനം പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇവിടെ ലോ ഓഫീസറെ നിയമിക്കണമെന്ന് ഡയരക്ടര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടില്ല. ബോര്‍ഡ് ആവശ്യപ്പെടാതെയുള്ള ഈ നിയമനം ചട്ടവിരുദ്ധമാണെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നു. നേരത്തെ ചുമതലയേല്‍ക്കാതിരുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉള്‍പ്പടെ മറ്റുപലരും വരും ദിവസങ്ങളില്‍ ഡെപ്യൂട്ടേഷനില്‍ എത്തുന്നതോടെ കെ.എസ്.ആര്‍.ടി. സിയുടെ സാമ്പത്തിക ബാധ്യത ഇനിയും വര്‍ധിക്കും. പുതിയതായി നിയമിക്കപ്പെട്ട ഡി.ജി.പി എ. ഹേമചന്ദ്രന്‍ എം.ഡിയായി ചുമതലയേല്‍ക്കുന്നതിന് മുന്‍പേ ഭരണതലത്തില്‍ പരമാവധി ആളുകളെ തിരുകികയറ്റാന്‍ മന്ത്രിയുടെ ഓഫീസ് നീക്കം നടത്തുന്നുണ്ട്.

chandrika: