X

യുക്രെയ്‌നെ കൈവിട്ട് മാളത്തിലൊളിച്ചവര്‍-എഡിറ്റോറിയല്‍

കയ്യൂക്കുള്ളവര്‍ ദുര്‍ബലരെ കടന്നാക്രമിക്കുന്നത് അന്താരാഷ്ട്രതലത്തില്‍ പുതുമയുള്ള കാര്യമല്ല. ഇറാഖും അഫ്ഗാനിസ്താനും അതിന്റെ ദുരന്തസാക്ഷികളാണ്. ഇരു രാജ്യങ്ങളിലും അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യ അധിനിവേശം നടന്നപ്പോള്‍ ആരും എതിര്‍ക്കാനുണ്ടായില്ല. സാമ്പത്തികമായും ആയുധ ശേഷികൊണ്ടും ഏറെ പിന്നിലുള്ള ആ രാജ്യങ്ങളെ അമേരിക്കക്ക് അനായാസം കീഴ്‌പ്പെടുത്താന്‍ സാധിച്ചു. പാവപ്പെട്ട ഇറാഖികളെയും അഫ്ഗാനികളെയും കൊന്നു തള്ളി അമേരിക്ക ജേതാവിനെപ്പോലെ സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇപ്പോള്‍ റഷ്യയുടെ വായില്‍ കിടന്ന് യുക്രെയ്ന്‍ നിലവിളിക്കുമ്പോള്‍ സഹായത്തിന് ഒരാളും എത്തിനോക്കുന്നില്ല. യുദ്ധം തുടങ്ങിയതോടെ അമേരിക്കയും നാറ്റോയുമെല്ലാം മാളത്തിലേക്ക് വലിഞ്ഞിരിക്കുന്നു. റഷ്യയെപ്പോലൊരു വമ്പനോട് ഏറ്റുമുട്ടി തടി കേടാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. സ്വന്തം നിലനില്‍പ്പും താല്‍പര്യങ്ങളുമാണ് അവര്‍ക്ക് വലുത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനെതിരെ പോര്‍വിളി നടത്താനും സംഘര്‍ഷം ആളിക്കത്തിക്കാനും ഇതുവരെ അമേരിക്കയും നാറ്റോയുമുണ്ടായിരുന്നു. ഇപ്പോള്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവും റഷ്യയുടെ കാല്‍കീഴില്‍ വരുമ്പോള്‍ പാശ്ചാത്യ ശക്തികള്‍ ഒളിച്ചോടുകയാണ്.

യുക്രെയ്ന്‍ പ്രതിസന്ധി യുദ്ധമായി വളര്‍ത്തിയതില്‍ അമേരിക്കക്കും സഖ്യരാജ്യങ്ങളും വലിയ പങ്കുണ്ട്. നയതന്ത്ര ശ്രമങ്ങള്‍ക്കിടെ റഷ്യ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ നാറ്റോ സഖ്യം പുറംകാല്‍ കൊണ്ട് തട്ടിമാറ്റുകയാണ് ചെയ്തത്. യുക്രെയ്‌ന് നാറ്റോ അംഗത്വം കൊടുക്കരുതെന്ന് പുടിന്‍ ആവശ്യപ്പെട്ടപ്പോള്‍ പാശ്ചാത്യ ശക്തികള്‍ പ്രതികരിച്ചത് അല്‍പം ധിക്കാരത്തോടെയായിരുന്നു. ആരൊയൊക്കെ തള്ളണമെന്നും കൊള്ളണമെന്നും തങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബെര്‍ഗിന്റെ മറുപടി. ഒന്നര ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ യുക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ നടത്തിയ അത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ പുടിന് ഊര്‍ജം നല്‍കുകയാണ് ചെയ്തത്. യുദ്ധത്തിന് കോപ്പുകൂട്ടിയ അദ്ദേഹത്തിന് യുക്രെയ്‌നെ കടന്നാക്രമിക്കാന്‍ അമേരിക്കയും സഖ്യകക്ഷികളും അവസരം തുറന്നുകൊടുക്കുകയായിരുന്നു. സോവിയറ്റ് തകര്‍ച്ചക്കു ശേഷം കിഴക്കന്‍ യൂറോപ്പില്‍ വേരുറപ്പിക്കാനാണ് നാറ്റോ ശ്രമിച്ചത്. 1989ല്‍ അന്നത്തെ സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവിന് അമേരിക്ക നല്‍കിയ വാഗ്ദാനം നാറ്റോ ലംഘിക്കുകയായിരുന്നു. 1994ലും 1997ലും ഒപ്പുവെച്ച കരാറുകള്‍ പ്രകാരം റഷ്യക്ക് ഒരുതരത്തിലും ഭീഷണി സൃഷ്ടിക്കില്ലെന്ന് നാറ്റോ ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ യുക്രെയ്ന്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളെ ആയുധമണിയിക്കാനും അവര്‍ക്ക് നാറ്റോയില്‍ അംഗത്വം നല്‍കാനും പാശ്ചാത്യ ശക്തികള്‍ ധൃതികാട്ടിയത് റഷ്യ മുതലെടുത്തെങ്കില്‍ അത്ഭുതപ്പെടാനില്ല. യുക്രെയ്‌നില്‍നിന്നുള്ള നാറ്റോ മിസൈലുകള്‍ക്ക് മോസ്‌കോയിലെത്താന്‍ അഞ്ചു മിനുട്ടു മതി. ഇതൊക്കെയും ചൂണ്ടിക്കാട്ടിയാണ് പുടിന്‍ യുക്രെയ്‌നെ മുന്നില്‍ വെച്ച് വില പേശിയത്. പക്ഷേ, റഷ്യയുടെ തന്ത്രങ്ങള്‍ തിരിച്ചറിയുന്നതില്‍ അമേരിക്കയും ബ്രിട്ടനും നാറ്റോ രാജ്യങ്ങളും പരാജയപ്പെട്ടു.

അധിനിവേശത്തിന് ഒരുങ്ങിപ്പുറപ്പെട്ട റഷ്യ പാശ്ചാത്യ നീക്കങ്ങള്‍ എന്താണെന്ന് പരിശോധിച്ചു മനസ്സിലാക്കിയ ശേഷമാണ് യുക്രെയ്‌നെ കടന്നാക്രമിച്ചത്. റഷ്യയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ യൂറോപ്പില്‍ ആര്‍ക്കും ചങ്കുറപ്പില്ലെന്ന് പുടിന്‍ തിരിച്ചറിഞ്ഞിരുന്നു. റഷ്യയെ തൊട്ടാലുള്ള സ്ഥിതി ഇറാഖിനെയും അഫ്ഗാനിസ്താനെയും ചുട്ടെരിച്ചതുപോലെ ആയിരിക്കില്ല. നാറ്റോ അംഗങ്ങളില്‍ ദുര്‍ബലരായ ലിത്വാനിയയും ഡെന്മാര്‍ക്കും പോര്‍വിമാനങ്ങള്‍ അയച്ച് എരിതീയില്‍ എണ്ണയൊഴിച്ചതല്ലാതെ ബുദ്ധിപരമായി നീങ്ങിയില്ല. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയെക്കാള്‍ യുദ്ധത്തെക്കുറിച്ച് സംസാരിച്ചത് യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ്. ആദ്യമൊക്കെ വീരവാദങ്ങള്‍ മുഴക്കിയ അമേരിക്കയും ബ്രിട്ടനും ഉപരോധങ്ങളേര്‍പ്പെടുത്തുമെന്ന് പറഞ്ഞ് പത്തി മടക്കിയത് പുടിന് ആത്മബലം നല്‍കുകയാണ് ചെയ്തത്. ഭീഷണികള്‍ക്കപ്പുറം ഉപരോധങ്ങള്‍ പോകില്ലെന്ന് അദ്ദേഹത്തിന് അറിയാം. റഷ്യക്കെതിരെയുള്ള ഉപരോധങ്ങള്‍ അന്താരാഷ്ട്ര തലത്തിലുണ്ടാക്കുന്ന പ്രകമ്പനങ്ങള്‍ ലോകത്തെ മുഴുക്കെയും ബാധിക്കുമെന്ന് ഉറപ്പാണ്. ക്രൂഡോയില്‍ വില കുതിച്ചുയരുന്നതോടൊപ്പം അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം യു.എസിനെയും കുരുക്കിലാക്കും.

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന് പ്രധാന കാരണക്കാരന്‍ ബൈഡനാണെന്ന് ഉറച്ചു വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. അവസാന നിമിഷം വരെയും യുക്രെയ്‌നോടൊപ്പം നിന്ന യു.എസ് അടിയന്തര ഘട്ടത്തില്‍ കൈവിടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൗനം പാലിച്ചിരുന്ന ചൈന ഇപ്പോള്‍ റഷ്യക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്വാഭാവികമായും വന്‍ശക്തികള്‍ ഇരുപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധത്തിന്റെ ഗതി എന്താകുമെന്ന് പറയാന്‍ സാധിക്കില്ല. രണ്ടാം ലോക യുദ്ധത്തിന് ശേഷം യൂറോപ്പ് ഇത്തരൊരു പ്രതിസന്ധിയിലേക്ക് വലിച്ചിഴക്കപ്പെടുന്നത് ആദ്യമാണ്. യുക്രെയ്‌നെ വിഴുങ്ങാന്‍ തന്നെയാണ് റഷ്യയുടെ തീരുമാനം. അതില്‍നിന്ന് അവരെ തടയാന്‍ ബാഹ്യശക്തികള്‍ നടത്തുന്ന ഏതൊരു സായുധ ഇടപെടലും വന്‍ ദുരന്തമാണ്ടാക്കും. ഏറ്റുമുട്ടലിന്റെയും ഭീഷണിയുടെയും ഭാഷ ഒഴിവാക്കി പകത്വയോടെ സംസാരിക്കാന്‍ ഇനിയും സമയമുണ്ട്. അതിന് ഇനി ആര് മുന്‍കയ്യെടുക്കുമെന്നതാണ് പ്രധാന ചോദ്യം.

web desk 3: