കൊല്‍ക്കത്ത: ദേശീയതലത്തില്‍ മാത്രമല്ല പാര്‍ട്ടിക്കകത്തും ദൂരവ്യാപക ഫലങ്ങളുണ്ടാക്കാന്‍ ശേഷിയുള്ളാണ് ഇന്ന് പുറത്ത് വന്ന ത്രിപുര തിരഞ്ഞെടുപ്പു ഫലം. 25 വര്‍ഷമായി സിപിഎം അധികാരത്തിലിരിക്കുന്ന ത്രിപുരയില്‍ ഇതാദ്യമായി ബി്.ജെ.പി ജയിച്ചുകയറിയിരിക്കുന്നു.

‘ത്രിപുരയില്‍ സിപിഎം വിജയിച്ചാല്‍ നിലവിലെ നയങ്ങളിലൊന്നും മാറ്റമുണ്ടാകില്ല. എന്നാല്‍ ബിജെപിയാണു വിജയിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് ബന്ധത്തെപ്പറ്റി ഉള്‍പ്പെടെ പാര്‍ട്ടി പുനര്‍വിചിന്തനം നടത്തേണ്ടി വരും’– പാര്‍ട്ടിയുടെ ത്രിപുരയിലെ മുതിര്‍ന്ന നേതാവ് വാര്‍ത്താഏജന്‍സിയായ പിടിഐയോടു വ്യക്തമാക്കിയ നയമാണിത്. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുന്നതിനു മുന്‍പ്, കോണ്‍ഗ്രസ് ബന്ധത്തില്‍ ഉള്‍പ്പെടെ, നിലവില്‍ തുടരുന്ന നയത്തില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇദ്ദേഹം പറഞ്ഞു. സി.പി.എം തോറ്റതോടെ ഈ നയം മാറ്റം ഏകദേശം ഉറപ്പായിട്ടുണ്ട്.
‘ബിജെപി സൃഷ്ടിക്കുന്ന ഭീഷണിയെപ്പറ്റി ബംഗാള്‍ ഘടകത്തിനു കൃത്യമായ ധാരണയുണ്ട്. എന്നാല്‍ കേരള ഘടകത്തിന് ഇക്കാര്യം ഇപ്പോഴും മനസ്സിലായിട്ടില്ല’– നേതാവ് പറഞ്ഞു. കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ച് അനുകൂല നിലപാട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും ബംഗാള്‍ ഘടകത്തിലെ വലിയൊരു വിഭാഗം നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കേരള ഘടകവുമാണ് ഇക്കാര്യത്തില്‍ തടസ്സം നില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇതിനെതിരെ യച്ചൂരി തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റ് അല്ലെന്നും രാജ്യത്തെ പൊതുസാഹചര്യം കേരളത്തിലെ സഖാക്കള്‍ തിരിച്ചറിയണമെന്നുമാണു തന്റെ നിലപാടിനെ നേരത്തേ തള്ളിയ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ സാക്ഷി നിര്‍ത്തി യച്ചൂരി മറുപടി നല്‍കിയത്.