X

കേരള പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശം

കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗില്‍ ഇന്ന് ഫൈനല്‍ പോരാട്ടം. കന്നി കിരീടം ലക്ഷ്യമിടുന്ന ഗോള്‍ഡന്‍ ത്രെഡ്‌സിന്, കഴിഞ്ഞ തവണ ഗോകുലത്തോട് ഫൈനലില്‍ തോറ്റ കെ.എസ്.ഇ.ബിയാണ് എതിരാളികള്‍. വൈകിട്ട് 3.30ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ലീഗില്‍ ഏറ്റവും കുറഞ്ഞ ഗോള്‍ വഴങ്ങിയെന്ന റെക്കോഡുമായെത്തിയ സാറ്റ് തിരൂരിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഗോള്‍ഡന്‍ ത്രെഡ്‌സ് ലീഗ് ചരിത്രത്തിലാദ്യമായി ഫൈനലില്‍ പ്രവേശിച്ചത്. കെ.എസ്.ഇ.ബി, ലീഗില്‍ അപരാജിതരായി കുതിച്ച ബാസ്‌കോ ഒതുക്കുങ്ങലിനെ 2-1ന് മറികടന്നാണ് തുടര്‍ച്ചയായ രണ്ടാം ഫൈനലിന് ഇറങ്ങുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കെ.എസ്.ഇ.ബിക്കായിരുന്നു ജയം. മാര്‍ച്ച് 13ന് നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു ത്രെഡ്‌സിന്റെ തോല്‍വി. കലാശക്കളിക്ക് ഇറങ്ങുമ്പോള്‍ ആ തോല്‍വിക്ക് പകരം ചോദിക്കുകയെന്ന ലക്ഷ്യവും ത്രെഡ്‌സിനുണ്ട്. മധ്യനിരയില്‍ കളിമെനയുന്ന ഒത്തറേസിയാണ് ത്രെഡ്‌സിന്റെ കുന്തമുന. 11 ഗോളുമായി ഗോള്‍ഡന്‍ ബൂട്ടിനായി മുന്നിലുള്ള ഘാന സ്‌ട്രൈക്കര്‍ ഇസ്ഹാഖ് നുഹു സെയ്ദുവും ടീമിന്റെ കരുത്താണ്.

കെപിഎല്‍ വരുന്നതിന് മുമ്പ് 2012ല്‍ സംസ്ഥാന ക്ലബ്ബ് ചാമ്പ്യന്‍മാരായിരുന്നു ത്രെഡ്‌സ്. 2017ലെ കെ.പി.എല്‍ ചാമ്പ്യന്‍മാരായ കെ.എസ്.ഇ.ബി സീസണിലുടനീളം ഫുള്‍ ചാര്‍ജിലാണ്. ഇന്ന് കിരീടം ചൂടാനായാല്‍ കഴിഞ്ഞ ഫൈനലില്‍ ഗോകുലത്തിനെതിരായ തോല്‍വി കൂടി ബോര്‍ഡ് ടീമിന് മറക്കാം. ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ത്രെഡ്‌സിന്റെ നുഹുവിനൊപ്പമുള്ള എം.വിഘ്‌നേഷ്, ഇതുവരെ ആറ് ഗോളുകള്‍ കണ്ടെത്തിയ നിജോ ഗില്‍ബെര്‍ട്ട് എന്നിവരാണ് ടീമിന്റെ ആക്രമണം നയിക്കുന്നത്. ഇന്ന് ജയിച്ചാല്‍ എസ്.ബി.ഐയുടെയും ഗോകുലത്തിന്റെയും രണ്ട് കെ.പി.എല്‍ കിരീടമെന്ന നേട്ടത്തിനൊപ്പമെത്താനും കെ.എസ്.ഇ.ബിക്ക് കഴിയും.

Test User: