X

സാദിഖലി തങ്ങള്‍ നയിക്കുന്ന മുസ്‌ലിംലീഗ് സംഗമങ്ങള്‍ക്ക് ഇന്ന് തുടക്കം

കാസര്‍ക്കോട്: മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സംഗമങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. സുഹൃദ് സദസ്്, ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ തുടങ്ങിയ പരിപാടികളോടെയാണ് 14 ജില്ലകളിലും സംഗമങ്ങള്‍ നടക്കുന്നത്.

രാവിലെ സമൂഹത്തിലെ വ്യത്യസ്ത തുറകളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി സുഹൃദ് സംഗമവും വൈകിട്ട് മൂന്നിന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പ്രവര്‍ത്തക കണ്‍വന്‍ഷനും നടക്കും. സുഹൃദ് സംഗമങ്ങളില്‍ മത, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി സാദിഖലി തങ്ങള്‍ ആശയവിനിമയം നടത്തും. കേരളത്തിന്റെ മത സാഹോദര്യ പൈതൃകം സംരക്ഷിക്കുക, വ്യത്യസ്ത ജനവിഭാഗങ്ങള്‍ തമ്മില്‍ വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സുഹൃദ് സംഗമങ്ങള്‍. രാജ്യത്തും സംസ്ഥാനത്തും വളര്‍ന്നു വരുന്ന വര്‍ഗീയ ചിന്താഗതികള്‍ക്കെതിരായ പ്രചാരണവും സംഗമങ്ങളുടെ ലക്ഷ്യമാണ്.

നാളെ കണ്ണൂരിലാണ് പര്യടനം. എട്ടിന് തൃശൂര്‍, ഒമ്പതിന് ഇടുക്കി, 11ന് എറണാകുളം, 12ന് കോട്ടയം, 13ന് ആലപ്പുഴ, 15ന് പാലക്കാട്, 16ന് പത്തനംതിട്ട, 18ന് കൊല്ലം, 19ന് തിരുവനന്തപുരം, 20ന് വയനാട്, 23ന് കോഴിക്കോട് എന്നിങ്ങനെയാണ് സംഗമങ്ങള്‍ നടക്കുക.

Chandrika Web: