അബുദാബി: യുഎഇയില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്ക് രേഖപ്പെടുത്തിയത് ഇന്ന്. 2,067 പേര്‍ക്കാണ് ഇന്ന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് 24 മണിക്കൂറിനിടെ ഇത്രയുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.

ചികിത്സയിലായിരുന്ന 2,199 പേര്‍ രോഗമുക്തരായിട്ടുണ്ട്. നാല് കോവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 156,553 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇവരടക്കം രാജ്യത്ത് ഇതുവരെ 2,18,766 പേര്‍ക്ക് കോാവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,95,520 പേരാണ് ഇതുവരെ രോഗമുക്തരായത്. 689 കോവിഡ് മരണങ്ങളും രാജ്യത്തുണ്ടായി. നിലവില്‍ 22,557 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 2.2 കോടിയോളം കോവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്.