X

ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിന് മൂന്നു ജീവപര്യന്തവും 26 വര്‍ഷം കഠിന തടവും


കൊല്ലം: ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തവും 26 വര്‍ഷം കഠിന തടവും. ശിക്ഷ വെവ്വേറെ അനുഭവിക്കണം. പ്രതി മൊത്തം 68 വര്‍ഷം തടവ് അനുഭവിക്കണം. 3,20,000 രൂപ പിഴയും അടക്കണം. അഞ്ചല്‍ ഏരൂര്‍ തിങ്കള്‍കരിക്കം വടക്കേചെറുകര രാജേഷ് ഭവനില്‍ രാജേഷ്(25) ആണ് പ്രതി. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി(പോക്‌സോ പ്രത്യേക കോടതി) ജഡ്ജി ഇ.ബൈജു ആണ് ശിക്ഷ വിധിച്ചത്.
പ്രതിയുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കുന്നതെന്ന് കോടതി അറിയിച്ചു. പ്രതി ഒന്നര വര്‍ഷം ജയിലിലായിരുന്നു. ശിക്ഷാ വിധി പ്രകാരം ഇയാള്‍ 96 വയസുവരെ ജയിലില്‍ കഴിയേണ്ടതായി വരും.
ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 376(ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ പീഡനം), 366 (തട്ടിക്കൊണ്ടുപോകല്‍), 297 (മൃതദേഹത്തോട് അനാദരവ് കാണിക്കല്‍) എന്നീ കുറ്റകൃത്യങ്ങള്‍ക്കും പോക്‌സോ നിയമം മൂന്ന്, നാല്, അഞ്ച്, ആറ് വകുപ്പുകള്‍ പ്രകാരവുമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2017 സെപ്റ്റംബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിരായായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധു കൂടിയാണ് പ്രതിയായ രാജേഷ്. ട്യൂഷനുവിടാന്‍ വേണ്ടി അമ്മൂമ്മയുമൊത്തുപോയ കുട്ടിയെ, അവരില്‍ നിന്നും ഏറ്റെടുത്ത പ്രതി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തും പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നു.
സാഹചര്യതെളിവുകളെ ആസ്പദമാക്കി നടത്തിയ അന്വേഷണത്തില്‍ ശാസ്ത്രീയ തെളിവുകളാണ് പ്രധാനമായത്. കുട്ടിയെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും, വായില്‍ നിന്നും കണ്ടെടുത്ത ദ്രവങ്ങള്‍ പ്രതിയുടെ ഡി.എന്‍.എ ആണെന്ന് കണ്ടെത്തി. കൂടാതെ കുട്ടിയുടെ നഖങ്ങള്‍ക്കിടയില്‍ നിന്നും പ്രതിയുടെ കോശങ്ങളും വസ്ത്രങ്ങളുടെ അംശങ്ങളും കണ്ടെത്തിയിരുന്നു.
പുനലൂര്‍ ഡിവൈഎസ്പിയായിരുന്ന ബി.കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശാനുസരണം അഞ്ചല്‍ സിഐ ആയിരുന്ന എ അഭിലാഷാണ് കേസ് അന്വേഷിച്ചത്. അന്വേഷണ സംഘത്തെ കോടതി പ്രത്യേകം പ്രശംസിച്ചു. അഡ്വ. ജി മോഹന്‍രാജ് ആയിരുന്നു കേസിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

web desk 1: