കൊച്ചി: ഐ.എസ്.എലില്‍ കഴിഞ്ഞ സീസണുകളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി വല കാത്ത ടി.പി രഹനെഷ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം കളിക്കും. കോഴിക്കോട് സ്വദേശിയായ 26കാരനുമായി ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ഔദ്യോഗിക കരാറായി. ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലാണ് ടീം ഇക്കാര്യം അറിയിച്ചത്.

178 സെ.മീറ്റര്‍ ഉയരക്കാരനായ രഹനേഷ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളാണ്. ഐഎസ്എല്‍ 2015 സീസണില്‍ ഏറ്റവും കൂടുതല്‍ സേവുകള്‍ നടത്തിയ രഹനേഷ് അതേ വര്‍ഷം നാല് ക്ലീന്‍ ഷീറ്റുകള്‍ നേടി ഏറ്റവും കൂടുതല്‍ നേട്ടം കൊയ്ത ഇന്ത്യന്‍ ഗോള്‍കീപ്പറായി മാറിയിരുന്നു. നോര്‍ത്ത് ഈസ്റ്റിനായി 47 മത്സരങ്ങളാണ് രഹനേഷ് കളിച്ചത്. വടക്ക് കിഴക്കന്‍ ടീമിന് പുറമെ ഒഎന്‍ജിസി, മുംബൈ ടൈഗേഴ്‌സ്, ഈസ്റ്റ് ബംഗാള്‍, ഷില്ലോങ് ലാജോങ്, രംഗ്ധാജീദ് യുണൈറ്റഡ്.

തുടങ്ങിയ ടീമുകള്‍ക്കായും രഹനേഷ് വല കാത്തിട്ടുണ്ട്. ദേശീയ അണ്ടര്‍23 ഫുട്‌ബോള്‍ ടീമിലും 2017ല്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലും അംഗമായിരുന്നു. പുതിയ സീസണിനായി ബ്ലാസ്‌റ്റേഴ്‌സിലെത്തുന്ന മൂന്നാമത്തെ ഗോള്‍കീപ്പറാണ് രഹനേഷ്. നേരത്തെ മലയാളി താരം ഷിബിന്‍രാജ്, മുന്‍ റിയല്‍കാശ്മീര്‍ ഗോളി ബിലാല്‍ ഖാന്‍ എന്നിവരെ മഞ്ഞപ്പട ടീമിലെത്തിച്ചിരുന്നു. രഹനേഷിന്റെ വരവോടെ ടീമിലെ മലയാളി സാനിധ്യം
ഒമ്പതായി