വാഷിങ്ടണ്‍: ഉത്തരകൊറിയക്കു മുന്നറിയിപ്പുമായി വീണ്ടും അമേരിക്ക രംഗത്ത്. ഉത്തരകൊറിയയുടെ ആണവപദ്ധതികള്‍ക്കും തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങള്‍ക്കുമെതിരെ ഒറ്റക്കു പോരാടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഉത്തരകൊറിയയെ നിലക്കു നിര്‍ത്താന്‍ അമേരിക്കക്കു ഒറ്റക്കു സാധിക്കും. കൊറിയക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തയാറായില്ലെങ്കില്‍ ചൈനയും ശത്രു നിരയിലേക്ക് പോകുമെന്ന് ട്രംപ് പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്. ഉത്തരകൊറിയയുമായി സൗഹൃദബന്ധത്തിലുള്ള ചൈന അവരുടെ മിസൈല്‍ പരീക്ഷണവും ആണവ പദ്ധതികളും അവസാനിപ്പിക്കാന്‍ ഉപദേശിക്കണമെന്നാണ് അമേരിക്കന്‍ ആവശ്യം. ഉത്തരകൊറിയയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഷീ ചിന്‍പിങുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. ഉത്തരകൊറിയക്കുമേലുള്ള സ്വാധീനം ക്രീയാത്മകമായി ഉപയോഗിക്കാന്‍ ചൈന തയാറായാല്‍ അത് നല്ലത്. അല്ലാത്തപക്ഷം കാര്യങ്ങള്‍ പ്രതികൂലമാകും. ചൈനയുടെ ഇടപെടല്‍ ഇല്ലെങ്കിലും അമേരിക്കക്കു പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി.