വാഷിങ്ടണ്‍: ഭരണഘടന ഭേദഗതി ചെയ്ത് അധികാരങ്ങള്‍ വിപുലീകരിക്കാന്‍ നടത്തിയ ഹിതപരിശോധനയില്‍ വിജയിച്ച തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിനന്ദിച്ചു. ഉര്‍ദുഗാനെ ഫോണില്‍ വിളിച്ച ട്രംപ് സിറിയന്‍ വിഷയവും ചര്‍ച്ച ചെയ്തു. 89 പേര്‍ കൊല്ലപ്പെട്ട രാസായുധ പ്രയോഗത്തിനു മറുപടിയായി യു.എസ് വ്യോമതാവളത്തില്‍ നടത്തിയ മിസൈലാക്രമണത്തെ അനുകൂലിച്ചതിന് ട്രംപ് തുര്‍ക്കിയോട് നന്ദി പറഞ്ഞു.
സാരിന്‍ വിഷവാതകമാണ് സിറിയ വിമതര്‍ കേന്ദ്രത്തില്‍ പ്രയോഗിച്ചതെന്ന് തുര്‍ക്കി വ്യക്തമാക്കിയിരുന്നു. ഹിതപരിശോധനയുടെ പേരില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ശക്തമായ വിമര്‍ശനം നേരിടുന്ന തുര്‍ക്കിക്ക് ട്രംപിന്റെ ഫോണ്‍ കോള്‍ ആശ്വാസകരമാണ്. തുര്‍ക്കി സമൂഹം വിഭജിക്കപ്പെട്ടുവെന്ന യൂറോപ്യന്‍ വാദത്തോട് തനിക്ക് യോജിപ്പില്ലെന്ന സന്ദേശം കൂടിയാണ് ഉര്‍ദുഗാനെ അഭിനന്ദിച്ചതിലൂടെ ട്രംപ് നല്‍കിയിരിക്കുന്നത്. ഭരണഘടന ഭേദഗതി ചെയ്യുന്നതോടെ അമേരിക്കയേയും ഫ്രാന്‍സിനെയും പോലെ തുര്‍ക്കിയും പ്രസിഡന്‍ഷ്യന്‍ ഭരണരീതിയിലേക്ക് മാറും. 2029 വരെ അധികാരത്തില്‍ തുടരാന്‍ ഉര്‍ദുഗാന് സാധ്യമാകുകയും ചെയ്യും. പ്രതിപക്ഷം ക്രമക്കേട് ആരോപിച്ചിട്ടുണ്ടെങ്കിലും തുര്‍ക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉര്‍ദുഗാന്റെ വിജയത്തിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. നിസാര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തുര്‍ക്കിയെ പ്രതിക്കൂട്ടില്‍നിര്‍ത്താനാണ് യൂറോപ്പിന്റെ ശ്രമം. വോട്ടെടുപ്പ് നല്ല നിലയില്‍ നടന്നുവെങ്കിലും ഹിതപരിശോധനയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉര്‍ദുഗാന്‍ ഭരണകൂടം അച്ചടക്കം പാലിച്ചില്ലെന്നാണ് യൂറോപ്യന്‍ നിരീക്ഷകരുടെ കണ്ടെത്തല്‍. വോട്ടെണ്ണലില്‍ ക്രമക്കേടു നടത്തിയെന്നും ചില നിരീക്ഷകര്‍ ആരോപിച്ചു. എന്നാല്‍ യൂറോപ്യന്‍ നിരീക്ഷകരുടെ ആരോപണങ്ങള്‍ ഉര്‍ദുഗാന്‍ തള്ളി. രാഷ്ട്രീയ പ്രേരിതമായ അത്തരം റിപ്പോര്‍ട്ടുകള്‍ തുര്‍ക്കി കാണുകയോ ചെവികൊടുക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.