ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിന് താത്ക്കാലിക വിലക്ക്. ഏഴു ദിവസത്തെ വിലക്കാണ് ചാനലിന് യൂട്യൂബ് ഏര്‍പ്പെടുത്തിടുള്ളത്. കലാപത്തിനും സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്നതിനും വഴിതെളിയിക്കാവുന്ന തരത്തിലുള്ള വിഡിയോകള്‍ അപ്‌ലോഡ് ചെയ്തതിനെ തുടര്‍ന്ന് സ്വകാര്യത നയം ലംഘിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് യൂട്യൂബ് വ്യക്തമാക്കി.

ഏഴു ദിവസത്തേക്ക് പുതിയ വിഡിയോകള്‍ അപ്‌ലോഡ് ചെയ്യാനോ ലൈവ്‌സ്ട്രീം നടത്താനോ സാധ്യമല്ല. അതേയമയം, നടപടിയിലേക്കു നയിച്ച വിഡിയോ ഏതാണെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടില്ല. ട്രംപിന്റെ ചാനലില്‍ പുതുതായി അപ്‌ലോഡ് ചെയ്ത വിഡിയോ നീക്കം ചെയ്തതായും യൂട്യൂബ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിലവിലുള്ള ഏഴു ദിവസത്തെ വിലക്ക് നീട്ടാനും സാധ്യതയുണ്ട്.