X

ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമാക്കി അമേരിക്കന്‍ പ്രസിഡന്റ്; പ്രതിഷേധാഗ്നിയില്‍ ലോകം

റാമല്ല: ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമാക്കിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഫലസ്തീനിന്റെ എന്നത്തെയും തലസ്ഥാനമായി ജറൂസലേം തുടരും. ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്കയ്ക്ക് ഇനിമുതല്‍ മധ്യസ്ഥത വഹിക്കാനുള്ള അവകാശമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

ജറൂസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും ഇസ്രാഈലിലെ യുഎസ് എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലേമിക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്ത അമേരിക്കയുടെ നിലപാടിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രഖ്യാപനം ഇസ്രാഈലിനുള്ള യുഎസിന്റെ സമ്മാനമാണ്. ഫലസ്തീന്‍ പ്രദേശങ്ങള്‍ കൈയേറാനും അധിനിവേശം നടത്താനും ഇസ്രാഈലിന് അനുവാദവും പ്രോല്‍സാഹനവും നല്‍കുന്നതാണ് ട്രംപിന്റെ തീരുമാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തീരുമാനം ജറൂസലേം നഗരത്തിന്റെ യാഥാര്‍ഥ്യത്തില്‍ മാറ്റമുണ്ടാക്കില്ലെന്നും അത് ഇസ്രാഈലികള്‍ക്ക് എന്തെങ്കിലും നിയമസാധുത നല്‍കാന്‍ പോകുന്നില്ലെന്നും മഹമൂദ് അബ്ബാസ് പറഞ്ഞു. കിഴക്കന്‍ ജറൂസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണ്‍ പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇസ്രാഈല്‍-ഫലസ്തീന്‍ എന്ന ദ്വിരാഷ്ട്ര പരിഹാരമാണ് ഫ്രാന്‍സ് പിന്തുണയ്ക്കുന്നത്. ജറൂസലേം ഇരുരാജ്യങ്ങളുടെയും തലസ്ഥാനമായി സമാധാനത്തോടെയും സുരക്ഷയോടെയും കഴിയണമെന്നാണ് ഫ്രാന്‍സിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രാഈലിന്റെ അധിനിവേശത്തിന് അമേരിക്ക കൈയൊപ്പ് ചാര്‍ത്തിയിരിക്കുകയാണ് തലസ്ഥാനമായി ജറൂസലേമിനെ അംഗീകരിച്ച നടപടിയിലൂടെയെന്ന് ലബനാന്‍ പ്രസിഡന്റ് മൈക്കല്‍ ഔന്‍ കുറ്റപ്പെടുത്തി. മധ്യപൗരസ്ത്യദേശത്തിന്റെ സമാധാനവും സുരക്ഷയും അവതാളത്തിലാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

യുഎസിന്റെ തീരുമാനത്തില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തുന്നതായി പാകിസ്താന്‍. ജറൂസലേമിന്റെ നിയമപരവും ചരിത്രപരവുമായ സ്ഥിതി മാറ്റിമറിക്കുന്ന തീരുമാനമാണിതെന്നും അത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എന്‍ രക്ഷാസമിതി തീരുമാനങ്ങളുടെയും ലംഘനമാണെന്നും പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കുറ്റപ്പെടുത്തി.
ഈ നീക്കത്തിലൂടെ സമാധാനശ്രമങ്ങളെ തൂക്കിലേറ്റിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെയ്തിരിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി പറഞ്ഞു. മേഖലയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇത് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമാക്കിയും അമേരിക്കന്‍ എംബസി ജറൂസലേമിലേക്ക് മാറ്റി കൊണ്ടും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തില്‍ യു.എസില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. വൈറ്റ് ഹൗസിനു മുന്നിലും പരിസര പ്രദേശങ്ങളിലും ഫലസ്തീന്‍ അനുകൂല സംഘടനകള്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തു വന്നു. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാഷിങ്ടണിലെ ചില ജൂത സംഘടനകളും വൈറ്റ് ഹൗസിനു മുന്നില്‍ സമരം നടത്തി. പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ജൂത സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു. പതിറ്റാണ്ടുകളായി യുദ്ധമുനയില്‍ കഴിയുന്ന ഫലസ്തീന്‍ ജനതക്ക് ഇനിയെങ്കിലും സ്വാതന്ത്ര്യം നല്‍കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു. ഫലസ്തീന്‍ സമൂഹത്തിന്റെ ന്യായമായ അവകാശത്തിനുമേല്‍ അധികാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ട്രംപും ഇസ്രാഈല്‍ ഭരണകൂടവും ശ്രമിക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു.

chandrika: