ലണ്ടന്‍: മുസ്‌ലിം വിരുദ്ധതയെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ബ്രിട്ടനിലും കടുത്ത പ്രതിഷേധം. ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ ട്രംപിനെ അനുവദിക്കില്ലെന്ന് സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവ് പറഞ്ഞു. ട്രംപിനെ തടയുന്നതിനാവശ്യമായ നടപടികള്‍ താന്‍ കൈകൊള്ളുമെന്ന് സ്പീക്കര്‍ പറഞ്ഞു. വംശീയതയുടെയും വര്‍ഗീയതയുടെയും നിലപാട് പരിഗണിച്ചാണ് ഏതൊരു രാഷ്ട്രത്തലവനും ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യണമെന്ന് തീരുമാനിക്കുക. എന്നാല്‍ ഏഴ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ച ട്രംപ് ബ്രിട്ടന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ യോഗ്യനല്ലെന്ന് സ്പീക്കര്‍ തുറന്നടിച്ചു.

1486216968850

സ്പീക്കറുടെ നിലപാടിനെ രാജ്യത്തെ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും സ്വാഗതം ചെയ്തു. എന്നാല്‍ ട്രംപ് അനുകൂലികള്‍ സ്പീക്കര്‍ക്കെതിരെ രംഗത്തുവന്നു. ഏതു വിഷയത്തിലും നിഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ടയാളാണ് സ്പീക്കറെന്നാണ് വിമര്‍ശകരുടെ ആരോപണം.

രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി തരേസ മേയ് നടത്തിയ യു.എസ് സന്ദര്‍ശനത്തിനിടെയാണ് ട്രംപിനെ ബ്രിട്ടനിലേക്ക് ക്ഷണിച്ചത്. എന്നാല്‍ മുസ്‌ലിം വിസാ വിലക്ക് പ്രാബല്യത്തില്‍ വന്നതോടെ ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരുന്നു.