X

അഫ്രീന്‍ മേഖയില്‍ തുര്‍ക്കി സേനക്ക് കനത്ത തിരിച്ചടി

ഇസ്തംബൂള്‍: വടക്കന്‍ സിറിയയിലെ അഫ്രീന്‍ മേഖയില്‍ കുര്‍ദ് പോരാളികള്‍ക്കെതിരെ തുടരുന്ന സൈനിക നടപടിയില്‍ തുര്‍ക്കി സേനക്ക് കനത്ത തിരിച്ചടി. തുര്‍ക്കി ടാങ്കിനുനേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. അഫ്രീന്‍ നഗരത്തിന്റെ വടക്കു കിഴക്ക് ഷെയ്ഖ് ഹറൂസിലാണ് സംഭവം. യു.എസ് പിന്തുണയുള്ള പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്‌സ് (വൈ.പി.ജി) പോരാളികളാണ് ആക്രമണം നടത്തിയതെന്ന് തുര്‍ക്കി സേന അറിയിച്ചു.

കുര്‍ദിഷ് തീവ്രവാദികള്‍ ഇതിന് ഇരട്ടി വില നല്‍കേണ്ടിവരുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിന്‍അലി യില്‍ദിരിം മുന്നറിയിപ്പുനല്‍കി. അഫ്രീനില്‍നിന്ന് വൈ.പി.ജിയെ തുരത്തുന്നതിന് ജനുവരി 20നാണ് തുര്‍ക്കി സേന ഒലീവ് ബ്രാഞ്ച് ഓപ്പറേഷന്‍ തുടങ്ങിയത്. ഏറ്റുമുട്ടലില്‍ തുര്‍ക്കിക്ക് ഇതുവരെ 14 സൈനികരെ നഷ്ടപ്പെട്ടിട്ടുണ്ട്. സിറിയയില്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ പുറത്താക്കാന്‍ സായുധ പോരാട്ടം നടത്തുന്ന ഫ്രീ സിറിയന്‍ ആര്‍മിയുടെ സഹായത്തോടെയാണ് അഫ്രീനില്‍ തുര്‍ക്കി ആക്രമണം തുടരുന്നത്. സൈന്യം ലക്ഷ്യത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും വൈകാതെ നഗരം കീഴടക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അവകാശപ്പെട്ടു. 900 കുര്‍ദിഷ് പോരാളികളെ കൊലപ്പെടുത്തിയതായി തുര്‍ക്കി സേന പറയുന്നു.

ഇതുസംബന്ധിച്ച് സ്വതന്ത്ര സ്ഥിരീകരണമില്ല. നഗരത്തില്‍നിന്ന് സിവിലിയന്‍ പലായനം തുടരുകയാണ്. സൈനിക നടപടി തുടങ്ങിയ ശേഷം ആയിരക്കണക്കിന് ആളുകള്‍ നഗരം വിട്ടിട്ടുണ്ട്. തുര്‍ക്കി ആക്രമണത്തില്‍ 150 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും 300 പേര്‍ക്ക് പരിക്കേറ്റതായും കുര്‍ദിഷ് വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട സിവിലിയന്മാര്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ തുര്‍ക്കി കനത്ത വ്യോമാക്രമണവും ഷെല്‍വര്‍ഷവും നടത്തുന്നുണ്ട്.

ആക്രമണം അവസാനിപ്പിച്ച് സംയമനം പാലിക്കാന്‍ അമേരിക്കയും ഫ്രാന്‍സും മറ്റു നിരവധി പാശ്ചാത്യ ശക്തികളും അഭ്യര്‍ത്ഥിച്ചു. തുര്‍ക്കിയുടെ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ കൗണ്‍സിലിനു പുറത്ത് ആയിരക്കണക്കിന് കുര്‍ദുകള്‍ റാലി നടത്തി.

 

പാരിസിലും കുര്‍ദിഷ് പ്രതിഷേധ റാലി നടന്നു. അഫ്രീന്‍ നഗരം സിറിയയില്‍നിന്ന് പിടിച്ചെടുക്കാന്‍ പദ്ധതിയില്ലെന്നും കുര്‍ദിഷ് പോരാളികളെ തുരത്തുക മാത്രമാണ് ലക്ഷ്യമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് ഉര്‍ദുഗാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. തുര്‍ക്കി അധിനിവേശ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കില്‍ ഫ്രാന്‍സ് പ്രതിസന്ധിയിലാകുമെന്ന് കഴിഞ്ഞയാഴ്ച മക്രോണ്‍ പറഞ്ഞിരുന്നു. അതേസമയം സിറിയയില്‍നിന്ന് എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് നേരെ തുര്‍ക്കി അതിര്‍ത്തി രക്ഷാസേന വെടിവെച്ചതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആരോപിച്ചു. തുര്‍ക്കി ഭരണകൂടം ഇത് നിഷേധിച്ചിട്ടുണ്ട്. മറ്റേത് രാജ്യത്തേക്കാളെറെ അഭയാര്‍ത്ഥികളെ സ്വീകരിച്ചിട്ടുള്ളത് തുര്‍ക്കിയാണ്.

chandrika: