Connect with us

Culture

അഫ്രീന്‍ മേഖയില്‍ തുര്‍ക്കി സേനക്ക് കനത്ത തിരിച്ചടി

Published

on

ഇസ്തംബൂള്‍: വടക്കന്‍ സിറിയയിലെ അഫ്രീന്‍ മേഖയില്‍ കുര്‍ദ് പോരാളികള്‍ക്കെതിരെ തുടരുന്ന സൈനിക നടപടിയില്‍ തുര്‍ക്കി സേനക്ക് കനത്ത തിരിച്ചടി. തുര്‍ക്കി ടാങ്കിനുനേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. അഫ്രീന്‍ നഗരത്തിന്റെ വടക്കു കിഴക്ക് ഷെയ്ഖ് ഹറൂസിലാണ് സംഭവം. യു.എസ് പിന്തുണയുള്ള പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്‌സ് (വൈ.പി.ജി) പോരാളികളാണ് ആക്രമണം നടത്തിയതെന്ന് തുര്‍ക്കി സേന അറിയിച്ചു.

കുര്‍ദിഷ് തീവ്രവാദികള്‍ ഇതിന് ഇരട്ടി വില നല്‍കേണ്ടിവരുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിന്‍അലി യില്‍ദിരിം മുന്നറിയിപ്പുനല്‍കി. അഫ്രീനില്‍നിന്ന് വൈ.പി.ജിയെ തുരത്തുന്നതിന് ജനുവരി 20നാണ് തുര്‍ക്കി സേന ഒലീവ് ബ്രാഞ്ച് ഓപ്പറേഷന്‍ തുടങ്ങിയത്. ഏറ്റുമുട്ടലില്‍ തുര്‍ക്കിക്ക് ഇതുവരെ 14 സൈനികരെ നഷ്ടപ്പെട്ടിട്ടുണ്ട്. സിറിയയില്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ പുറത്താക്കാന്‍ സായുധ പോരാട്ടം നടത്തുന്ന ഫ്രീ സിറിയന്‍ ആര്‍മിയുടെ സഹായത്തോടെയാണ് അഫ്രീനില്‍ തുര്‍ക്കി ആക്രമണം തുടരുന്നത്. സൈന്യം ലക്ഷ്യത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും വൈകാതെ നഗരം കീഴടക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അവകാശപ്പെട്ടു. 900 കുര്‍ദിഷ് പോരാളികളെ കൊലപ്പെടുത്തിയതായി തുര്‍ക്കി സേന പറയുന്നു.

ഇതുസംബന്ധിച്ച് സ്വതന്ത്ര സ്ഥിരീകരണമില്ല. നഗരത്തില്‍നിന്ന് സിവിലിയന്‍ പലായനം തുടരുകയാണ്. സൈനിക നടപടി തുടങ്ങിയ ശേഷം ആയിരക്കണക്കിന് ആളുകള്‍ നഗരം വിട്ടിട്ടുണ്ട്. തുര്‍ക്കി ആക്രമണത്തില്‍ 150 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും 300 പേര്‍ക്ക് പരിക്കേറ്റതായും കുര്‍ദിഷ് വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട സിവിലിയന്മാര്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ തുര്‍ക്കി കനത്ത വ്യോമാക്രമണവും ഷെല്‍വര്‍ഷവും നടത്തുന്നുണ്ട്.

ആക്രമണം അവസാനിപ്പിച്ച് സംയമനം പാലിക്കാന്‍ അമേരിക്കയും ഫ്രാന്‍സും മറ്റു നിരവധി പാശ്ചാത്യ ശക്തികളും അഭ്യര്‍ത്ഥിച്ചു. തുര്‍ക്കിയുടെ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ കൗണ്‍സിലിനു പുറത്ത് ആയിരക്കണക്കിന് കുര്‍ദുകള്‍ റാലി നടത്തി.

 

പാരിസിലും കുര്‍ദിഷ് പ്രതിഷേധ റാലി നടന്നു. അഫ്രീന്‍ നഗരം സിറിയയില്‍നിന്ന് പിടിച്ചെടുക്കാന്‍ പദ്ധതിയില്ലെന്നും കുര്‍ദിഷ് പോരാളികളെ തുരത്തുക മാത്രമാണ് ലക്ഷ്യമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് ഉര്‍ദുഗാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. തുര്‍ക്കി അധിനിവേശ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കില്‍ ഫ്രാന്‍സ് പ്രതിസന്ധിയിലാകുമെന്ന് കഴിഞ്ഞയാഴ്ച മക്രോണ്‍ പറഞ്ഞിരുന്നു. അതേസമയം സിറിയയില്‍നിന്ന് എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് നേരെ തുര്‍ക്കി അതിര്‍ത്തി രക്ഷാസേന വെടിവെച്ചതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആരോപിച്ചു. തുര്‍ക്കി ഭരണകൂടം ഇത് നിഷേധിച്ചിട്ടുണ്ട്. മറ്റേത് രാജ്യത്തേക്കാളെറെ അഭയാര്‍ത്ഥികളെ സ്വീകരിച്ചിട്ടുള്ളത് തുര്‍ക്കിയാണ്.

Film

‘കടവുളെ…അജിത്തേ’ വിളികൾ വേണ്ട, ഇനി ആവര്‍ത്തിക്കരുത്’: രൂക്ഷമായി പ്രതികരിച്ച് അജിത്ത്

ഒരു യൂട്യൂബ് ചാനലില്‍ നിന്നും ഉടലെടുത്ത ഈ വിളി, വളരെ പെട്ടെന്ന് വൈറലായി

Published

on

തന്നെ ഇനി ‘കടവുളെ…അജിത്തേ’ ഉൾപ്പടെയുള്ള പേരുകൾ വിളിക്കേണ്ടെന്ന് നടൻ അജിത്ത്. കെ അജിത്ത് എന്ന് മാത്രം വിളിച്ചാൽ മതിയെന്ന് എക്സ് പോസ്റ്റിലൂടെ താരം വ്യക്‌തമാക്കി. മറ്റ് പേരുകൾ ഒക്കെ തന്നെ അസ്വസ്ഥമാക്കുന്നു. ഈ അടുത്ത് ഉലകനായകൻ എന്ന് വിളിക്കരുതെന്ന് കമലഹാസനും പറഞ്ഞിരുന്നു.

‘കടവുലേ…അജിത്തേ’ എന്ന വിളി അടുത്തിടെയാണ് വൈറലായത്. ഒരു യൂട്യൂബ് ചാനലില്‍ നിന്നും ഉടലെടുത്ത ഈ വിളി, വളരെ പെട്ടെന്ന് വൈറലായി. തമിഴ്നാട്ടിലെ നിരവധി അജിത്ത് ആരാധകര്‍ പൊതു ഇടങ്ങളിൽ പോലും ഇത് ഉപയോഗിക്കാൻ തുടങ്ങി. കടവുളേ എന്ന തമിഴ് വാക്കിന്‍റെ അർത്ഥം ദൈവം എന്നാണ്.

ഇതിനെ തുടര്‍ന്നാണ് ഡിസംബർ 10 ന് അജിത് കുമാർ തന്‍റെ പിആര്‍ സുരേഷ് ചന്ദ്ര മുഖേന, തമിഴിലും ഇംഗ്ലീഷിലും പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ഇത്തരം വിളികള്‍ ഒരിക്കലും ഉപയോഗിക്കരുത് എന്നാണ് പറയുന്നത്.

“കുറച്ച് വൈകിയാണെങ്കിലും എന്നെ അലോസരപ്പെടുത്തുന്ന ഒരു കാര്യം ഞാന്‍ പറയുന്നു, പ്രത്യേകിച്ചും, കെ….’, ‘അജിത്തേ’ എന്നീ മുദ്രാവാക്യങ്ങൾ വിവിധ പരിപാടികളിലും പൊതുയോഗങ്ങളിലും ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. എന്‍റെ പേരിന്‍റെ കൂടെ ഉപയോഗിക്കുന്ന ഒരോ വിശേഷണവും എനിക്ക് അസ്വസ്ഥതയുണ്ട്. എന്‍റെ പേരോ ഇനീഷ്യലോ ഉപയോഗിച്ച് അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു” പ്രസ്താവനയിൽ പറയുന്നു.

Continue Reading

Film

ഐഎഫ്എഫ്കെ ഡെലിഗേറ്റ് കിറ്റ് വിതരണം ആരംഭിച്ചു: ആദ്യ ഡെലിഗേറ്റുകളായി ഷറഫുദ്ദീനും മഹിമയും

Published

on

തിരുവനന്തപുരം: ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. 29-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. സിനിമാ താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും മന്ത്രിയിൽ നിന്ന് ഡെലിഗേറ്റ് കിറ്റുകൾ ഏറ്റുവാങ്ങി.

പുതുമയും ജനപിന്തുണയും കൊണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മേളയായി കേരള രാജ്യാന്തര ചലച്ചിത്ര മേള മാറി. വനിതാ സംവിധായകരുടെ സിനിമകളുടെ പ്രാതിനിധ്യവും പഴയകാല മലയാള ചലച്ചിത്രനടിമാർക്കുള്ള ആദരവും ഈ മേളയുടെ സ്ത്രീ പക്ഷ നിലപാടുകളുടെ ഉദാഹരണങ്ങളാണ്. പതിമൂവായിരത്തോളം ഡെലിഗേറ്റുകൾ എത്തുന്ന ചലച്ചിത്ര മേളയുടെ ഈ പതിപ്പ് ലോക സിനിമ ഭൂപടത്തിൽ കേരളത്തെ കൂടുതൽ ശ്രദ്ധേയമാക്കും. മൺമറഞ്ഞുപോയ ചലച്ചിത്ര പ്രതിഭകളുടെ സ്മൃതി കുടീരങ്ങളിൽ ആദരവ് അർപ്പിച്ച് ഡിസംബർ 12ന് സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണത്തോടെ 29- മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അധ്യക്ഷത വഹിച്ചു, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ എം. വിജയകുമാർ, ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡ സെല്ലം, സാംസ്‌കാരിക പ്രവർത്തക ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ചലച്ചിത്ര അക്കാദമി അംഗം കുക്കു പരമേശ്വരൻ, ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ കെ.ജി. മോഹൻകുമാർ, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി എന്നിവർ പങ്കെടുത്തു.

Continue Reading

Film

‘ഇന്ത്യയില്‍ ആളെ കൂട്ടാന്‍ വലിയ പ്രയാസമില്ല, ജെസിബി കാണാനും ആയിരങ്ങള്‍ ഉണ്ടാകും’; പുഷ്പയെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ഥ്

തമിഴ് യൂട്യൂബർ മദന്‍ ഗൗരിയുമായി സംസാരിക്കുമ്പോഴായിരുന്നു സിദ്ധാർഥിന്റെ പരാമർശം

Published

on

കൊച്ചി: ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകർത്തുകൊണ്ട് മുന്നേറുകയാണ് അല്ലു അർജുൻ ചിത്രം ‘പുഷ്പ-2 ദ റൂൾ’. ഈ ആഴ്ച തന്നെ ചിത്രം 1000 കോടി ക്ലബിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ആ​ഗോള ബോക്സ് ഓഫീസിൽ ചിത്രം 900 കോടിയുടെ അടുത്ത് നേടിയിട്ടുണ്ട്.

ഇതിനിടെ ചിത്രത്തിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സിദ്ധാര്‍ഥ്. ചിത്രത്തിന് ആളുകൂടുന്നത് വലിയ കാര്യമൊന്നുമല്ലെന്നായിരുന്നു സിദ്ധാര്‍ഥിന്റെ പരാമര്‍ശം. നവംബറിൽ ബീഹാറിലെ പട്‌നയിൽ നടന്ന ‘പുഷ്പ-2 ദ റൂൾ’ ട്രെയിലർ ലോഞ്ച് ചടങ്ങിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ഇത് ചൂണ്ടിക്കട്ടി തമിഴ് യൂട്യൂബർ മദന്‍ ഗൗരിയുമായി സംസാരിക്കുമ്പോഴായിരുന്നു സിദ്ധാർഥിന്റെ പരാമർശം.

‘അത് മാര്‍ക്കറ്റിങ്ങാണ്. ഇന്ത്യയില്‍ ആള്‍ക്കൂട്ടമുണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. നിര്‍മാണ ജോലിക്കായി ഒരു ജെസിബി കൊണ്ടുവന്നാല്‍പ്പോലും ആളുകൾ കൂടും. അതുകൊണ്ട് ബിഹാറില്‍ ആള്‍ക്കൂട്ടമുണ്ടാവുന്നത് വലിയ കാര്യമൊന്നുമല്ല. ഇന്ത്യയില്‍ ക്വാളിറ്റിയും ആള്‍ക്കൂട്ടവും തമ്മില്‍ യാതൊരു ബന്ധവുമില്ല. മറിച്ചായിരുന്നെങ്കില്‍, ഇന്ത്യയില്‍ എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ വിജയിക്കുമായിരുന്നു. ഞങ്ങളുടെ കാലത്ത് ബിരിയാണിക്കും ക്വാര്‍ട്ടര്‍ പാക്കറ്റ് മദ്യത്തിനും വേണ്ടിയായിരുന്നു ആള്‍ക്കൂട്ടമുണ്ടായിരുന്നത്’ എന്ന് സിദ്ധാര്‍ഥ് പറഞ്ഞു.

സിദ്ധാർഥിന്റെ ‘മിസ് യു’ എന്ന ചിത്രം ഡിസംബർ 13ന് പ്രദർശനത്തിനൊരുങ്ങുകയാണ്. അല്ലു അർജുൻ ചിത്രം പുഷ്പ-2 ദ റൂളും, മിസ്സ് യു എന്ന സിനിമയും ബോക്സോഫീസിൽ ഏറ്റുമുട്ടുന്നതിൽ പരിഭ്രാന്തനാണോ എന്ന് അടുത്തിടെ നടന്ന ഒരു പ്രസ് മീറ്റിൽ സിദ്ധാർഥിനോട് ചോദിച്ചിരുന്നു. എന്നാൽ അത് തൻ്റെ ആശങ്കയല്ല എന്നും, അല്ലു അർജുൻ്റെ സിനിമയുടെ നിർമ്മാതാക്കളാണ് വിഷമിക്കേണ്ടത് എന്നുമായിരുന്നു സിദ്ധാർത്ഥ് ആത്മവിശ്വാസത്തോടെ പ്രതികരിച്ചത്. മിസ് യു എന്ന ചിത്രത്തിലും അതിൻ്റെ വിജയസാധ്യതയിലും തനിക്ക് പൂർണ വിശ്വാസമുണ്ട് എന്നും നടൻ പറഞ്ഞു.

Continue Reading

Trending