X

ഇദ്‌ലിബ്: യൂറോപ്പിന് തുര്‍ക്കിയുടെ മുന്നറിയിപ്പ്

അങ്കാറ: സിറിയയില്‍ വിമതരുടെ അവശേഷിക്കുന്ന ശക്തികേന്ദ്രമായ ഇദ്‌ലിബിലെ സൈനിക നടപടി വന്‍ അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമാകുമെന്ന് തുര്‍ക്കി. തുര്‍ക്കി മാത്രമല്ല, യൂറോപ്പും അതിന്റെ ഭാരം പേറേണ്ടിവരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വക്താവ് ഇബ്രാഹിം കാലിന്‍ മുന്നറിയിപ്പ് നല്‍കി. സിറിയന്‍ വിഷയത്തില്‍ നടക്കുന്ന ഉച്ചകോടിയുടെ മുന്നൊരുക്ക ചര്‍ച്ചകളില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുര്‍ക്കിക്ക് പുറമെ, ഫ്രാന്‍സും ജര്‍മനിയും റഷ്യയുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഇദ്‌ലിബില്‍നിന്ന് വിമതരെ തുരത്താനുള്ള സിറിയന്‍ സൈനിക നടപടി അഭയാര്‍ത്ഥി പ്രവാഹം ഉള്‍പ്പെടെയുള്ള വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് തന്നെയാണ് പൊതുവികാരമെന്ന് കാലിന്‍ പറഞ്ഞു. കൂട്ടക്കുരുതി ഉള്‍പ്പെടെയുള്ള മാനുഷിക ദുരന്തങ്ങള്‍ തടഞ്ഞ് സാധാരണക്കാരെ സംരക്ഷിക്കണമെന്നും ഇദ്്‌ലിബിന്റെ തല്‍സ്ഥിതി തുടരണമെന്നുമാണ് തുര്‍ക്കിയുടെ നിലപാട്.

ഇദ്്‌ലിബില്‍ സിറിയയും റഷ്യയും തുടുരുന്ന ബോംബാക്രമണം അംഗീകരിക്കാനാവില്ല. പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാന്‍ അന്താരാഷ്ട്ര സമൂഹം മുന്‍കൈയെടുക്കണം. അയല്‍രാജ്യമെന്ന നിലയില്‍ തുര്‍ക്കിയെയാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഏറെ ബാധിക്കുകയെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് കൂടുതല്‍ തുറന്ന പിന്തുണ നല്‍കണമെന്നും കാലിന്‍ ആവശ്യപ്പെട്ടു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി ഉര്‍ദുഗാന്‍ കൂടിക്കാഴ്ച നടത്തും. റഷ്യന്‍ നഗരമായ സോച്ചിയില്‍ പുടിനും ഉര്‍ദുഗാനും തമ്മിലുള്ള കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്. സെപ്തംബര്‍ ആദ്യത്തില്‍ ഇദ്‌ലിബില്‍ വ്യോമാക്രമണം തുടങ്ങിയ ശേഷം മുപ്പതോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ വന്‍ ആക്രമണത്തിനാണ് സിറിയന്‍ സേന തയാറെടുക്കുന്നത്.

chandrika: