അബുദാബി: യുഎഇയില്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ആരോഗ്യ മന്ത്രി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധിത പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലുള്ള മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കത്തിന് മുന്നോടിയായിട്ടാണ് വാക്‌സിന്റെ ആദ്യ ഡോസ് ആരോഗ്യ മന്ത്രി അബ്ദുള്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസിന് നല്‍കിയത്.മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതല്‍ ആയതുകൊണ്ട് അവരെ സംരക്ഷിക്കാന്‍ രാജ്യം ശ്രമിക്കുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മികച്ച ഫലങ്ങളാണ് കാണിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പാക്കാന്‍ സമയബന്ധിതമായി നിര്‍ബന്ധിത പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് യുഎഇ ആരോഗ്യവകുപ്പ് അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ പ്രമേയമായ ‘ഹെല്‍ത്ത് വര്‍ക്കര്‍ സേഫ്റ്റി: എ പ്രയോറിറ്റി ഫോര്‍ പേഷ്യന്റ് സേഫ്റ്റി’ മാനിച്ചു കൊണ്ടാണ് ഈ തീരുമാനം.

എല്ലാവിധ പകര്‍ച്ച വ്യാധികളില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുക്തമാണെന്ന് ഉറപ്പാക്കാനാണ് സമയബന്ധിതമായ പരിശോധന. കൂടാതെ മാസ്‌ക്, ഗ്ലൗസ്, പിപിഇ കിറ്റ് തുടങ്ങി സ്വയം രക്ഷാകവചങ്ങള്‍ ഇവര്‍ക്കു നല്‍കും. പരിശീലനം, വെബിനാര്‍ എന്നിവയ്ക്ക് പുറമേ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഹോട്ട് ലൈനും ഏര്‍പ്പെടുത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.