X
    Categories: gulfNews

അബ്രഹാം കരാര്‍ ഗള്‍ഫിനെ മാറ്റിമറിക്കും; യുഎഇയിലെത്തുക 500 ദശലക്ഷം ഡോളറിന്റെ ഇസ്രയേല്‍ ചരക്കുകള്‍

ദുബൈ: ഇസ്രയേലും യുഎഇയും തമ്മില്‍ ഒപ്പുവച്ച നയതന്ത്ര കരാര്‍ (അബ്രഹാം അക്കോഡ്) മധ്യേഷ്യയുടെ വാണിജ്യ മുഖച്ഛായ തന്നെ മാറ്റുമെന്ന് വിദഗ്ധര്‍. ഒരു വര്‍ഷത്തിനുള്ളില്‍ 300-500 ദശലക്ഷം ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇസ്രയേല്‍ യുഎഇയിലേക്ക് കയറ്റുമതി ചെയ്യുക. മധ്യേഷ്യയുടെ സാമ്പത്തിക സ്വഭാവം തന്നെ മാറ്റിമറിക്കുന്ന കരാറാണ് ഇത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വ്യാപാര-വാണിജ്യ മേഖലയിലെ അവസരങ്ങള്‍ ഇരുരാഷ്ട്രങ്ങള്‍ക്കും ഉത്തേജനം നല്‍കുന്നതാകുമെന്ന് യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിന്‍ തൗഖ് പറഞ്ഞു. ലോജിസ്റ്റിക്, വ്യോമയാനം, കാര്‍ഷിക സാങ്കേതിക വിദ്യ, ഹരിതോര്‍ജം, ഭക്ഷ്യ-ജലസുരക്ഷ എന്നിവയില്‍ ഇരുരാഷ്ട്രങ്ങളും ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുരാജ്യങ്ങലും തമ്മില്‍ എട്ടു കരാറുകളിലാണ് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതുകൂടാതെ ഇരുരാഷ്ട്രങ്ങളിലെയും നിരവധി കമ്പനികള്‍ സഹകരണത്തിന് ധാരണയായിട്ടുണ്ട്.

ആളോഹരി ജിഡിപി വാങ്ങല്‍ ശേഷിയില്‍ ആഗോള തലത്തില്‍ അഞ്ചാമതാണ് യുഎഇ. ഇസ്രയേല്‍ മുപ്പത്തിയഞ്ചാമതും. വാങ്ങല്‍ ശേഷി കൂടുതലുള്ള അറബ് രാജ്യത്തേക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തിക്കാനാണ് ഇസ്രയേല്‍ ശ്രമം. യുഎഇ ഇസ്രയേലില്‍ കൂടുതല്‍ വിദേശ നിക്ഷേപം ഇറക്കുകയും ചെയ്യും. 350 ദശലക്ഷം യുഎസ് ഡോളറിന്റെ വിദേശ നിക്ഷേപമാണ് ആദ്യഘട്ടത്തില്‍ ഉണ്ടാകുക.

ചൊവ്വാഴ്ചയാണ് യുഎഇയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ഉടമ്പടിയായ അബ്രഹാം കരാര്‍ യാഥാര്‍ത്ഥ്യമായത്. ഓഗസ്റ്റ് 13ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച കരാറാണ് ഒരു മാസം പിന്നിടുമ്പോള്‍ വൈറ്റ് ഹൗസില്‍ യാഥാര്‍ത്ഥ്യമായത്. വൈറ്റ്ഹൗസിലെ സൗത്ത് ലോണ്‍ ഗാര്‍ഡനില്‍ ചരിത്ര ഉടമ്പടിക്ക് സാക്ഷിയാകാന്‍ എത്തിയത് എഴുന്നൂറോളം വിശിഷ്ടാതിഥികളായിരുന്നു.

Test User: