X

കളം പിടിക്കാന്‍ കരുത്തര്‍; 77 ആവര്‍ത്തിക്കാന്‍ യു.ഡി.എഫ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് 34 ദിവസം ബാക്കി നില്‍ക്കെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും കരുത്തരായ സ്ഥാനാത്ഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നീണ്ടുപോയ വടകര, വയനാട്, ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളിലെ പട്ടിക എല്‍.ഡി.എഫിനെ മാത്രമല്ല യു.ഡി.എഫ് പ്രവര്‍ത്തകരെപോലും അമ്പരപ്പിച്ചു.

എല്ലാ മണ്ഡലങ്ങളിലും അനുയോജ്യരായ കരുത്തന്‍മാരെ പോരിനിറക്കിക്കൊണ്ടുള്ള ഇത്തരം ഒരുസ്ഥാനാര്‍ത്ഥി പട്ടിക ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസും മുസ്്‌ലിം ലീഗും ഉള്‍പ്പെട്ട മുന്നണി ജയിച്ച 1977-ലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആവര്‍ത്തനം ഇക്കുറിയുണ്ടാകുമെന്നാണ് പ്രതീക്ഷ. അവസാനംവരെ വടകരസ്ഥാനാത്ഥിയെ സംബന്ധിച്ച അനിശ്ചിതത്വം നിലനിന്നിരുന്നു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയം സജീവ ചര്‍ച്ചയാകുന്ന മണ്ഡലമാണ് വടകര. ടി.പി.ചന്ദ്രശേഖരന്‍, അരിയില്‍ ഷുക്കൂര്‍ തുടങ്ങി ഏറ്റവും ഒടുവില്‍ പെരുയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകാരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വരെയുള്ള കൊലപാതകം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുന്ന മണ്ഡലമാണ് വടകര. ഈ കൊലപാതകങ്ങളുടെയെല്ലാം ഗൂഢാലോചനയുടെ പ്രഭവകേന്ദ്രം കണ്ണൂരാണെന്നതും പി.ജയരാജന്‍ വടകരയിലെ എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥിയായതുമാണ് ഇതിനുകാരണം.

അക്രമത്തെ അക്രമം കൊണ്ടല്ല നേരിടേണ്ടതെന്നും വെടിയുണ്ടയേക്കാള്‍ ശക്തമായ ബാലറ്റിലൂടെ മറുപടി നല്‍കാനാകുമെന്നുമാണ് യു.ഡി.എഫിന്റെ വിശ്വാസം. ഇക്കുറി വടകരയിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം അക്രമ രാഷ്ട്രീയ മാകും. അക്രമരാഷ്ട്രീയത്തിന്റെ വ്യക്താക്കളെ തോല്‍പ്പിക്കുകയാണ് തങ്ങളുടെ മുഖ്യ അജണ്ടയെന്ന ആര്‍.എം.പിയും പ്രഖ്യാപിച്ചിരുന്നു.

അക്രമരാഷ്ട്രീയത്തിനെതിരെ വോട്ടു ചെയ്യാന്‍ കാത്തിരിക്കുന്നവരുടെ സമ്മദിദാനം വാങ്ങിയെടുക്കാന്‍ കരുത്തള്ള സ്ഥാനാര്‍ത്ഥിയാകണം വടകരയില്‍ മത്സരിക്കേണ്ടതെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നതിന്റെ ഗൗരവം കണക്കിലെടുത്താണ് കോണ്‍ഗ്രസ് ഒടുവില്‍ ഏറ്റവും അനിയോജ്യനായ മുരളീധരനെ തന്നെ കളത്തിലിറക്കിയത്.

chandrika: