തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കോവിഡ് വാക്‌സിന്‍ ഇന്ത്യയിലെത്തിയാല്‍ അതിവേഗത്തില്‍ ജനങ്ങളിലെത്തിക്കാന്‍ സൗകര്യം ഉണ്ടാവുമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു. എല്ലാ വാര്‍ഡുകളിലും കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ സംവിധാനം ഉണ്ടാവുമെന്നും യുഡിഎഫ് ഉറപ്പ് നല്‍കുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ താല്‍കാലിക ജീവനക്കാരെ നിയമിക്കാനുള്ള അവകാശം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്നും യുഡിഎഫ് പ്രകടനപത്രികയിലുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ വെട്ടിക്കുറച്ച ഫണ്ട് തിരിച്ചു നല്‍കുമെന്നും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു. പുനര്‍ജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളും എന്ന മുദ്രാവാക്യത്തോടെയാണ് പ്രകടന പത്രിക ഇറക്കിയിരിക്കുന്നത്. അധികാര വികേന്ദ്രീകരണത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന സമീപനമാണ് ഇടത് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് യുഡിഎഫ് പ്രകടന പത്രിക കുറ്റപ്പെടുത്തുന്നു.

കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് പ്രത്യേക പദ്ധതി രൂപീകരിക്കുമെന്നും സമ്പൂര്‍ണ്ണ മാലിന്യ പദ്ധതി നടപ്പാക്കുമെന്നും യുഡിഎഫ് പ്രകടന പത്രികയിലുണ്ട്. കാരുണ്യ പദ്ധതി പുനരുജ്ജീവിപ്പിക്കുകയും അനാഥരെ ദത്തെടുക്കുമെന്നും പ്രകടന പത്രികയിലുണ്ട്. അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതിയും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു.