X

യു.ഡി.എഫില്‍ ചേരാന്‍ അപേക്ഷ നല്‍കിയവരുമായി ചര്‍ച്ച; സബ്കമ്മറ്റി രൂപീകരിച്ചു

തിരുവനന്തപുരം: യു.ഡി.എഫ് മുന്നണിയില്‍ ചേരാന്‍ അപേക്ഷ നല്‍കിയിട്ടുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നതിന് യു.ഡി.എഫ് സബ്കമ്മറ്റി രൂപീകരിച്ചു. ബെന്നി ബഹന്നാന്‍ കണ്‍വീനറും ഡോ.എം.കെ മുനീര്‍, ജോയ് എബ്രഹാം, എന്‍.കെ പ്രേമചന്ദ്രന്‍, ജോണി നെല്ലൂര്‍ എന്നിവര്‍ അംഗങ്ങളായാണ് സമിതി രൂപീകരിച്ചത്.
അപേക്ഷ നല്‍കിയ പാര്‍ട്ടികളുമായി ഈ സമിതി ചര്‍ച്ച നടത്തും. കാമരാജ് കോണ്‍ഗ്രസ്, ഐ.എന്‍.എല്‍(ഡമോക്രാറ്റിക്), എസ്.ആര്‍.പി, ജെ.എസ്.എസ്(രാജന്‍ബാബു) എന്നീ പാര്‍ട്ടികളുടെ യു.ഡി.എഫ്. പ്രവേശനമാണ് സ്ബകമ്മറ്റി ചര്‍ച്ച ചെയ്യുക. വീരേന്ദ്ര കുമാറിനൊപ്പം എല്‍.ഡി.എഫില്‍ പോകാതെ നിന്ന ജനതാദള്‍ ജോണ്‍ വിഭാഗത്തെ യു.ഡി.എഫിലെ പ്രത്യേക ക്ഷണിതാവാക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജ് കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ടുള്ള കത്താണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ യു.ഡി.എഫ് അക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും കെ.പി.സി.സി അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സീറ്റ് വിഭജന ചര്‍ച്ച ആരംഭിച്ചിട്ടില്ല. അതിനു മുന്നോടിയായി എല്ലാ പാര്‍ട്ടികളുമായും കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ലമെന്റ് മണ്ഡലം, നിയമസഭാ മണ്ഡലം, പഞ്ചായത്ത് തല കമ്മറ്റികള്‍ രൂപീകരിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചു.

chandrika: