X
    Categories: CultureNewsViews

കേരളം മുഴുവന്‍ ആവേശത്തിര തൂത്തുവാരാന്‍ യുഡിഎഫ്


വാസുദേവന്‍ കുപ്പാട്ട്

കോഴിക്കോട്: വയനാട് മണ്ഡലത്തില്‍ എ.ഐ.സി. സി പ്രസിഡണ്ട് രാഹുല്‍ഗാന്ധി മത്സരിക്കാനെത്തുമ്പോള്‍ സംസ്ഥാനത്തുടനീളം ശക്തമായ യു.ഡി.എഫ് തരംഗം അലയടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഭാവി പ്രധാനമന്ത്രിയായി യു.പി.എ ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം മലബാറിനെ വിശേഷിച്ചും കേരളത്തില്‍ പൊതുവിലും രാഷ്ട്രീയ മണ്ഡലത്തെ ഇളക്കിമറിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതിന് പുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുടനീളം യു.പി.എ തരംഗത്തിന്റെ അലയൊലികള്‍ ശക്തമാകും. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ എന്ന നിലയില്‍ രാഹുലിന്റെ മത്സരം ദേശീയ മാധ്യമങ്ങളും വിദേശമാധ്യമങ്ങളും ഉറ്റുനോക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അങ്ങനെ വയനാട് മണ്ഡലം ലോകശ്രദ്ധയിലേക്ക് വരുന്ന സാഹചര്യമാണ് ഉണ്ടാവാന്‍ പോകുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ദിരാഗാന്ധി ചിക്കമംഗളൂരില്‍ മത്സരിച്ചതൊഴിച്ചാല്‍ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡണ്ടുമാരാരും ദക്ഷിണേന്ത്യയില്‍ ജനവിധി തേടിയിട്ടില്ല. അതിനാല്‍ തന്നെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ദക്ഷിണേന്ത്യയില്‍ മൊത്തം യു.പി.എ അനുകൂല തരംഗം ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. കോണ്‍ഗ്രസ് ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രതീക്ഷിക്കുന്നതും. കേരളം, കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ഇത്തവണ മികച്ച പ്രകടനത്തിന് അവസരം നല്‍കുമെന്നാണ് സൂചന. രാഹുല്‍ഗാന്ധി വയനാട് മത്സരിക്കുന്നതോടെ ദക്ഷിണേന്ത്യന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പുകൂടുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എത്തുന്നതോടെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചിത്രം ആകെ മാറും. എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നേറ്റത്തിന്റെ കാഴ്ചയാകും കാണാനാവുക. മലബാറില്‍ വന്‍ മുന്നേറ്റം ഉണ്ടാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കോഴിക്കോട്, വടകര,കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ ഇടതു സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം പോലും അപ്രസക്തമാകുന്ന നിലയിലായിരിക്കും കാര്യങ്ങളുടെ പോക്ക്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് അസംബ്ലി മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും വയനാട് ജില്ലയിലെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി അസംബ്ലി മണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് വയനാട് ലോക്‌സഭാ മണ്ഡലം.
രാഹുല്‍ഗാന്ധി മത്സരിക്കുന്നതോടെ ഇവിടെ മാത്രമല്ല, മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും യു.ഡി.എഫിന് അനുകൂലമായ തരംഗമായിരിക്കും ഉണ്ടാവുക. ഇതിന്റെ മുന്നില്‍ എല്‍.ഡി.എഫിനും ബി.ജെ.പിക്കും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തം. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ യു.ഡി.എഫ് ഘടകകക്ഷികള്‍ നിറഞ്ഞ മനസ്സോടെ ഇതിനകം സ്വാഗതം ചെയ്തു. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ രാഹുലിന്റൈ സ്ഥാനാര്‍ത്ഥിത്വം സ്വാഗതം ചെയ്തു. കേരള കോണ്‍ഗ്രസ് എം. നേതാവ് ജോസ് കെ. മാണിയും രാഹുലിന്റെ വരവിനെ സ്വാഗതം ചെയ്യുകയുണ്ടായി.
രാഹുല്‍തരംഗം ആഞ്ഞടിക്കുമ്പോള്‍ സി.പി.എമ്മും ഇടതുമുന്നണിയും കടുത്ത ഭീതിയിലാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പരിഭ്രാന്തി നിറഞ്ഞ പ്രതികരണങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. ഏതാനും സീറ്റുകളില്‍ മേല്‍ക്കൈ നേടാമെന്ന ഇടതുമുന്നണിയുടെ പ്രതീക്ഷ ഇതോടെ തകരുകയാണ്. വയനാട്ടില്‍ മത്സരിക്കുന്ന സി.പി.ഐ സ്ഥാനാര്‍ത്ഥി വന്‍ പരാജയത്തിലേക്ക് കൂപ്പുകുത്തും. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വാക്കുകളില്‍ തന്നെ പരാജയഭീതിയുടെ ആഴം വ്യക്തമാണ്.
ഇടതുമുന്നണിയുടെ എല്ലാ സങ്കേതങ്ങളെയും തകര്‍ത്തുകൊണ്ടായിരിക്കും രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കടന്നുവരുന്നത്. കേവലം വയനാട്ടില്‍ മാത്രമല്ല മുഴുവന്‍ മണ്ഡലങ്ങളിലെയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന് സാധിക്കും. ഏതായാലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുമ്പോള്‍ കേരളത്തില്‍ മുന്‍കാലങ്ങളിലൊന്നുമില്ലാത്ത യു.ഡി.എഫ് തരംഗമായിരിക്കും അലയടിക്കുക.

ചന്ദ്രിക വെബ് ഡെസ്‌ക്‌: