X

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

webdesk13: