X

‘ധീരനായ ആണ്‍കുട്ടി, സമര്‍ത്ഥനായ വിദ്യാര്‍ത്ഥി’; ഉമര്‍ ഫയാസിന്റെ ഓര്‍മ്മകളില്‍ ഗ്രാമം

ശ്രീനഗര്‍: പാക്കിസ്താന്‍ പതാകകള്‍ പതിച്ച ചുമരുകള്‍ക്കും ‘ആസാദി’ മുദ്രാവാക്യങ്ങള്‍
ഉയര്‍ന്നു കേള്‍ക്കുന്ന തെരുവുകള്‍ക്കുമപ്പുറം തെക്കേ കാശ്മീരിലെ ഒരു രണ്ടുമുറി വീട്ടിലേക്കെത്തി നോക്കിയാല്‍ അവിടെ 22- കാരന്‍ മകനെ നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ തേങ്ങലുകള്‍ കേള്‍ക്കാം. ധീരനായ ലഫ്. ഉമര്‍ ഫയാസിന്റെ അകാല വിയോഗത്തില്‍ കുടുംബത്തിനൊപ്പം ആ ഗ്രാമവും തേങ്ങുകയാണ്. മകന്റെ ഓര്‍മ്മകളില്‍ വെന്തുനീറുമ്പോള്‍ ആ പിതാവ് പറയുകയാണ് ‘എന്റെ മകന്‍ ധീരനായ ഒരാണ്‍കുട്ടിയായിരുന്നുവെന്ന്’. കഴിഞ്ഞ ദിവസമാണ് കുടുംബത്തിലെ വിവാഹപാര്‍ട്ടിക്കെത്തിയ ഉമറിനെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത്. കാശ്മീരിലെ ഷോപ്പിയാനില്‍ നിന്നാണ് ക്രൂരമായി കൊലചെയ്യപ്പെട്ട ഉമറിന്റെ മൃതദേഹം കണ്ടെടുത്തത്.

‘1994-ല്‍ ആണ് എന്റെ മകന്‍ ജനിക്കുന്നത്. ഏതാനും ആഴ്ച്ചകള്‍ കഴിഞ്ഞാല്‍ അവന് 23വയസ്സ് തികയുമായിരുന്നു. അവന്‍ ധീരനായിരുന്നു…’ മകനെക്കുറിച്ച് രണ്ടു വാചകം പറയുന്നതിന് മുമ്പ് ആ പിതാവിന്റെ കണ്ണീര്‍ ഉതിര്‍ന്നുവീണു. പിന്നെ നീണ്ട നിശബ്ദതയായിരുന്നു. ഉമറിനെക്കുറിച്ച് പറയാനുള്ളത് പൂര്‍ത്തീകരിച്ചത് അയല്‍വാസികളായിരുന്നു. 96ശതമാനം മാര്‍ക്കുനേടി പ്ലസ്ടുവിന് വിജയിച്ച ഉമര്‍ എഞ്ചിനീയറിംഗ് പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് നാഷ്ണല്‍ ഡിഫന്‍സ് ആര്‍മിയില്‍ ജോലി നേടുന്നത്. കൃഷിക്കാരനായ പിതാവിന് ഉമര്‍ ഒരു പൈലറ്റാവണമെന്നായിരുന്നു ആഗ്രഹമെന്ന് സഹോദരി അസ്മാറ്റ് പറഞ്ഞുവെച്ചു. ചുറ്റിലും കൂടിയിരിക്കുന്ന ഓരോ മുഖത്തേക്കും മിഴിച്ചുനോക്കി നില്‍ക്കുന്ന ഉമറിന്റെ മാതാവിനെയാണ് വീട്ടിലെ കുഞ്ഞുമുറിയില്‍ കണ്ടത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും അവരില്‍ നിന്ന് ഉത്തരമുണ്ടായില്ല.

‘ഉമര്‍ ഒരു ഭീരുവായിരുന്നില്ല. വളരെ ഫ്രീയായി ആര്‍മിയില്‍ ജോലി ചെയ്യുകയായിരുന്നു. ഞങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കുമായിരുന്നു. ഒരിത്തിരി പോലും പൊങ്ങച്ചമില്ലാത്ത മനുഷ്യനായിരുന്നു ഉമര്‍’ -ഉമറിന്റെ സുഹൃത്ത് സൊഹൈല്‍ അഹമ്മദ് പറഞ്ഞു. സഹോദരിയുടെ വിവാഹത്തിന് ഉമറിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഉമറിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. അതിന് ക്ഷമാപണവുമായി ഉമര്‍ പിന്നീട് തന്നെ വന്ന് കണ്ടിരുന്നു. അവസാനമായി കണ്ടപ്പോള്‍ ഞങ്ങള്‍ സംസാരിച്ചത് ക്രിക്കറ്റിനെക്കുറിച്ചായിരുന്നു. വിരാട് കോഹ്‌ലിയുടെ ആരാധകനായിരുന്നു ഉമറെന്നും സൊഹൈല്‍ പറഞ്ഞു. ഉമറിനെ ലക്ഷ്യമാക്കിയാണ് തോക്കുധാരികള്‍ എത്തിയതെന്നും കസിന്റെ വിവാഹത്തിനാണ് അവനെ തട്ടിക്കൊണ്ടുപോയതെന്നും ബന്ധുവായ മുഹമ്മദ് അഷ്‌റഫ് പറയുന്നു. വിവരം പോലീസിലറിയച്ചതിന് ശേഷമാണ് മനസ്സിലായത് ആ ആണ്‍കുട്ടി ഇനി തിരിച്ചുവരില്ലെന്ന് അറിഞ്ഞത്.-അയല്‍വാസി പറഞ്ഞു.

നൂറ് കണക്കിനാളുകളാണ് ഉമറിന്റെ സംസ്‌ക്കാരചടങ്ങുകളില്‍ പങ്കെടുത്തത്. എന്നാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരോ രാഷ്ട്രീയക്കാരോ ഒന്നും ഉമറിന്റെ വീട്ടിലെത്തിയില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. ആ ധീരഹൃദയത്തിന് വിട നല്‍കാന്‍ അയല്‍വാസികളും ബന്ധുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

chandrika: