X

നരേന്ദ്രഭായിയില്‍ നിന്നും വ്യത്യസ്തമായി, മനുഷ്യനാണ് ഞാന്‍; ബി.ജെ.പിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ട്വിറ്ററില്‍ നടത്തുന്ന ക്യാമ്പയിനില്‍ സംഭവിച്ച് അക്ഷര പിഴവ് തിരുത്തി രാഹുല്‍ ഗാന്ധി. ബി. ജെ.പി സര്‍ക്കാരിനോടും നരേന്ദ്ര മോദിയോടുമുള്ള ചോദ്യങ്ങളെന്ന പേരില്‍ രാഹുലിന്റെ ട്വീറ്റില്‍ കടന്നുകൂടിയ തെറ്റാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ തിരുത്തിയത്.

സംഭവം ശ്രദ്ധയില്‍പെട്ടതോടെ ആദ്യത്തെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് കണക്കുകള്‍ ശരിയാക്കി വീണ്ടും ട്വീറ്റ് ചെയ്യുകയായിരുന്നു.

അതേസമയം സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയതോടെ വായടപ്പന്‍ മറുപടിയുമായി രാഹുലും പ്രതികരിച്ചു. ട്വിറ്ററൂടെ തന്നെയായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ രാഹുലിന്റെ പ്രതികരണം.

‘എന്റെ എല്ലാ ബി.ജെ.പി സുഹൃത്തുക്കളും അറിയാന്‍: നരേന്ദ്രഭായിയില്‍ നിന്നും വ്യത്യസ്തമായി ഞാന്‍ മനുഷ്യനാണ്. ഞങ്ങള്‍ മനുഷ്യര്‍ക്ക് ഒറ്റപ്പെട്ട തെറ്റുകള്‍ സംഭവിക്കും. അതാണ് ജീവിതത്തിലെ രസകരമായ കാര്യവും. എന്റെ തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. ഇനിയും തെറ്റുകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇതെന്നെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ സ്്‌നേഹം നേരുന്നു.’ രാഹുല്‍ ട്വീറ്റ് ചെയ്തു. തെറ്റുകള്‍ അംഗീകരിക്കാത്തെ നിലപാടി കടുത്തു പരിഹസിക്കുന്നതായി ബിജെപിയോടുള്ള രാഹുലിന്റെ മറുപടി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗുജറാത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഓരോ ദിവസവും ട്വിറ്ററിലൂടെ സര്‍ക്കാരിനോട് ഓരോ ചോദ്യം ചോദിക്കാറുണ്ട്. ഇന്നലത്തെ ട്വീറ്റിലെ ഏഴാമത്തെ ചോദ്യത്തിനൊപ്പം നല്‍കിയ പട്ടികയിലാണ് തെറ്റായ കണക്കുകള്‍ കടന്നുകൂടിയത്. ബി.ജെ.പി സര്‍ക്കാര്‍ സമ്പന്നര്‍ക്ക് മാത്രമോ എന്ന അടിക്കുറിപ്പോടെ നിത്യോപയോഗ സാധനങ്ങളുടെ 2014-2017 വര്‍ഷങ്ങളിലെ വില വിവരപട്ടിക താരതമ്യം ചെയ്ത് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ട്വീറ്റില്‍ രാഹുല്‍ നല്‍കിയ ശതമാന കണക്ക് തെറ്റായിരുന്നു. അരി, ഗ്യാസ് സിലണ്ടര്‍, പരിപ്പ്, തക്കാളി, ഉള്ളി, പാല്‍, ഡീസല്‍ എന്നിവയുടെ വിലവിവരങ്ങളാണ് നല്‍കിയിരുന്നത്. 77 ശതമാനം വിലവര്‍ധിച്ച പരിപ്പിന് 177 ശതമാനം വര്‍ധിച്ചു എന്നായിരുന്നു പട്ടികയിലുണ്ടായിരുന്നത്.

chandrika: