X

എസ്.പി ആദ്യഘട്ട പട്ടിക പുറത്തിറക്കി; കോണ്‍ഗ്രസുമായി സീറ്റ് വിഭജന കാര്യത്തില്‍ ധാരണയായില്ല

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക സമാജ്്‌വാദി പാര്‍ട്ടി പുറത്തിറക്കി. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ആദ്യ മൂന്ന് ഘട്ടങ്ങളില്‍ മത്സരിക്കുന്ന 191 പേരുടെ ലിസ്റ്റിന് അംഗീകാരം നല്‍കിയത്. മുന്‍ സംസ്ഥാന പ്രസിഡണ്ടും കുടുംബ പോരില്‍ അഖിലേഷിന്റെ ബദ്ധശത്രുവുമായ ശിവപാല്‍ യാദവും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ ഭാഗമായി മുലായംസിങ് യാദവ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിമത ക്യാമ്പിനേയും അഖിലേഷ് പരിഗണിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസുമായി സീറ്റ് വിഭജന കാര്യത്തില്‍ അന്തിമ ധാരണയില്‍ എത്തിയിട്ടില്ലെന്ന് എസ്.പി വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് എസ്.പി സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ എട്ട് സിറ്റിങ് സീറ്റുകളും പ്രഖ്യാപിച്ചവയില്‍ ഉള്‍പ്പെടും. കോണ്‍ഗ്രസുമായി അന്തിമധാരണ ആയാല്‍ ഈ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നീക്കുപോക്ക് ഉണ്ടായേക്കും.
403 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 103 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. 80-85 സീറ്റുകളാണ് എസ്.പി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതില്‍ 54 സീറ്റുകള്‍ നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളോ രണ്ടാം സ്ഥാനത്തുള്ള സീറ്റുകളോ ആയിരിക്കുമെന്നാണ് എസ്.പി വാഗ്ദാനം. അതേസമയം പരമാവധി സീറ്റുകള്‍ നേടിയെടുക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായുള്ള സമ്മര്‍ദ്ദമാണ് നിലവില്‍ കോണ്‍ഗ്രസ് തുടരുന്നത്.
ഫെബ്രുവരി 11, 15, 19 തീയതികളില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2012ല്‍ വിജയിച്ച ജസ്വന്ത് നഗര്‍ മണ്ഡലമാണ് ശിവപാലിന് നല്‍കിയിരിക്കുന്നത്. അര്‍വിന്ദ് സിങ് ഗോപ്, നരേഷ് അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗര്‍വാള്‍, അസം ഖാന്റെ മകന്‍ അബ്ദുല്ല അസം എന്നിവര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്.
ഇതിനിടെ 403 സീറ്റുകളിലും മത്സരിക്കുമെന്ന പ്രഖ്യാപനവുമായി അജിത് സിങിന്റെ നേതൃത്വത്തിലുള്ള ആര്‍.എല്‍.ഡി രംഗത്തെത്തി. നേരത്തെ എസ്.പിയു കോണ്‍ഗ്രസും ആര്‍.എല്‍.ഡിയും ചേരുന്ന വിശാല സഖ്യം നിലവില്‍ വന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കം തന്നെയാണ് ആര്‍.എല്‍.ഡിയുമായുള്ള സഖ്യനീക്കത്തിന് തിരിച്ചടിയായത്. വിശാല സഖ്യത്തിനുള്ള സാധ്യത ഇപ്പോഴും മങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസുമായി ആര്‍.എല്‍.ഡി നേതൃത്വം ഇപ്പോഴും ചര്‍ച്ച തുടരുന്നുണ്ട്. 36 സീറ്റാണ് ആര്‍.എല്‍.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
സീറ്റ് മുന്നില്‍ കണ്ടുള്ള ചാഞ്ചാട്ടവും സജീവമാണ്. എസ്.പിയുടെ രണ്ട് സിറ്റിങ് എം.എല്‍.എമാര്‍ ഇന്നലെ ആര്‍.എല്‍.ഡിയില്‍ ചേര്‍ന്നു. ഭഗവാന്‍ ശര്‍മ്മ എന്ന ഗുഡ്ഡു പണ്ഡിറ്റ്, സഹോദരന്‍ മുകേഷ് ശര്‍മ്മ എന്നിവരാണ് ആര്‍.എല്‍.ഡിയില്‍ ചേര്‍ന്നത്. അതേസമയം ആര്‍.എല്‍.ഡിയുടെ രണ്ട് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്കും ചേക്കേറിയിട്ടുണ്ട്. ദല്‍വീര്‍ സിങ്, പുരന്‍ പ്രകാശ് എന്നിവരാണ് കളംമാറിയത്.

chandrika: