ലക്‌നോ: മൂന്നു വയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ച് യുവാവിന്റെ ക്രൂരത. ദീപാവലി ആഘോഷത്തിനിടെ ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവമുണ്ടായത്. വായിലും തൊണ്ടയിലും മാരകമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ സമീപത്തെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. മീറ്ററിലെ മിലക് ഗ്രാമത്തിലെ ശശികുമാറിന്റെ മൂന്നു വയസ്സുകളുടെ മകളുടെ വായിലിട്ടാണ് യുവാവ് പടക്കം പൊട്ടിച്ചത്. വീടിനു പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ സമീപവാസിയായ ഹര്‍പാല്‍ കൂട്ടിക്കൊണ്ടുപോയി വായില്‍ പടക്കം വെച്ച് തീ കൊളുത്തുകയായിരുന്നു.

ശശികുമാറിന്റെ പരാതിയില്‍ പൊലീസ് ഹര്‍പാലിനെതിരെ കേസെടുത്തു. എന്നാല്‍ സംഭവത്തിനു ശേഷം പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

പടക്കം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിക്ക് ഇതുവരെ അമ്പതോളം തുന്നലുകളിട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.