X

യു.പി.എക്ക് വിജയവര്‍ഷം; 2017ലെ എല്ലാ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലും വിജയം

ന്യൂഡല്‍ഹി: 2017ലെ നാല് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലും വിജയം യു.പി.എക്കൊപ്പം. ഗുര്‍ദാസ്പൂരിലെ ഞെട്ടിക്കുന്ന ജയത്തിന് മുമ്പ് അമൃത്സര്‍, ശ്രീനഗര്‍, മലപ്പുറം, ഗുര്‍ദാസ്പൂര്‍ ഉപതെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും വിജയത്തിലെത്തിയത്.
പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാകറുടെ ജയം 193219 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. കോണ്‍ഗ്രസിന് 4,99,752 വോട്ടും ബി.ജെ.പിക്ക് 3,06,553 വോട്ടുമാണ് മണ്ഡലത്തില്‍ ലഭിച്ചത്. ഏറെ പ്രതീക്ഷയോടെ അങ്കത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് കെട്ടിവെച്ച പണം നഷ്ടമായി. 23,579 വോട്ടു മാത്രമാണ് എ.എ.പിക്ക് നേടാനായത്.

നേരത്തെ, ബി.ജെ.പിയുടെ വിനോദ് ഖന്ന 1.35 ലക്ഷം വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കൂടിയാണ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ജാകറുടേത്. 1980ല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സുഖ്ബന്‍ കൗര്‍ ഭിന്ദര്‍ 1.51 ലക്ഷം വോട്ടുകള്‍ക്ക് ജയിച്ചതാണ് ഇതിനു മുമ്പുള്ള റെക്കോര്‍ഡ്. 1998, 99, 2004, 2014 വര്‍ഷങ്ങളില്‍ ബി.ജെ.പി ടിക്കറ്റില്‍ വിനോദ് ഖന്ന വിജയിച്ച മണ്ഡലമാണിത്. 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രതാപ് സിങ് ബജ്‌വയാണ് വിജയിച്ചിരുന്നത്.

പഞ്ചാബിലെ തന്നെ അമൃത്സര്‍ ഉപതെരഞ്ഞെടുപ്പില്‍ നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഗുര്‍ദാസ്പൂരും പാര്‍ട്ടി പിടിച്ചടക്കിയത്. അമൃത്സറില്‍ 1,99,189 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുര്‍ജിത് സിങ് ഔജ്‌ല വിജയം കണ്ടത്. ഇവിടെയും ബി.ജെ.പിയായിരുന്നു രണ്ടാം സ്ഥാനത്ത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 5,08,153 വോട്ടു ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഛിനക്ക് 3,08,964 വോട്ടേ നേടാനായിരുന്നുള്ളൂ. ഭേദപ്പെട്ട പ്രകടനം നടത്തി ആം ആദ്മി സ്ഥാനാര്‍ത്ഥി ഉപ്കാര്‍ സിങ് സന്ധു 1,49,984 വോട്ട് നേടിയിരുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2014ല്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയാണ് അമീരന്ദര്‍ മണ്ഡലത്തില്‍നിന്ന് കെട്ടുകെട്ടിച്ചിരുന്നത്. നേരത്തെ, നവ്‌ജ്യോത് സിങ് സിദ്ദു ബി.ജെ.പി ടിക്കറ്റില്‍ മൂന്ന് തവണ വിജയിച്ച മണ്ഡലമായിരുന്നു അമൃത്സര്‍.

ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പിലായിരുന്നു യു.പി.എയുടെ മറ്റൊരു വിജയം. സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുതിര്‍ന്ന നേതാവ് ഫാറൂഖ് അബ്ദുല്ലയാണ് ഇവിടെ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 10700 വോട്ടുകള്‍ക്കാണ് പി.ഡി.പിയുടെ നസീര്‍ അഹ്മദ് ഖാനെ മുന്‍ കശ്മീര്‍ മുഖ്യമന്ത്രി തറ പറ്റിച്ചത്. രാജ്യത്തെ തന്നേ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പുകളിലൊന്നില്‍ അബ്ദുല്ലക്ക് 48,554 ഉം ഖാന് 37,779 വോട്ടുമാണ് ലഭിച്ചിരുന്നത്.

ഇ.അഹമ്മദ് അന്തരിച്ചതിന് ശേഷം മലപ്പുറത്ത് നടന്ന ഉപതെരഞ്ഞെടുപ്പിലെ വിജയമാണ് മറ്റൊന്ന്. സഖ്യകക്ഷിയായ മുസ്‌ലിംലീഗാണ് ഇവിടെ വന്‍ ഭൂരിപക്ഷത്തില്‍ വിജയം കണ്ടത്. 1,71,038 വോട്ടുകള്‍ക്കാണ് മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി സി.പി.എമ്മിലെ എം.ബി ഫൈസലിനെ തറപറ്റിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടിക്ക് 5,15,325 ഉം ഫൈസലിന് 3,44,287 ഉം വോട്ടാണ് ലഭിച്ചത്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ ഞെട്ടിക്കുന്ന തോല്‍വിക്കു ശേഷമാണ് യു.പി.എ ഈ വര്‍ഷം മികച്ച രീതിയില്‍ തിരിച്ചുവരവ് നടത്തുന്നത്. 2014 നവംബറില്‍ മധ്യപ്രദേശിലെ രത്‌ലാം ഉപതെരഞ്ഞെടുപ്പിലും വിജയം കോണ്‍ഗ്രസിനൊപ്പമായിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഏറെ ആഹ്ലാദം പകരുന്നതു കൂടിയാണ് ഈ വിജയങ്ങള്‍. ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കലെത്തിയ പശ്ചാത്തലത്തില്‍ വിശേഷിച്ചും.

chandrika: