News

യെമനില്‍ അമേരിക്കയുടെ വ്യോമാക്രമണം; 68 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

By webdesk18

April 28, 2025

യെമനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടു. ആഫ്രിക്കന്‍ കുടിയേറ്റക്കാരാണ് കൊല്ലപ്പെട്ടത്. 47 പേര്‍ക്ക് പരുക്കേറ്റതായി വിവരം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സാദാ പ്രവിശ്യയിലെ തടങ്കല്‍ കേന്ദ്രത്തിന് നേരെ ആയിരുന്നു ആക്രമണം. അതേസമയം, ആക്രമണത്തില്‍ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

സൗദി അറേബ്യയില്‍ ജോലിക്കായി യെമനിലൂടെ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട 16 തടവുകാരെ ഹൂതികള്‍ വെടിവച്ചു കൊന്നു. അതേസമയം വിമതരെ ലക്ഷ്യമിട്ടുള്ള ”ഓപ്പറേഷന്‍ റഫ്റൈഡറി”ല്‍ നൂറുകണക്കിന് ഹൂതികളെ വധിച്ചതായി യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.