വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മുറുകുന്നു. വ്യാപാര കരാര്‍ ചൈന ലംഘിച്ചെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ യു.എസ് ചുമത്തുന്ന നികുതി 10 ശതമാനത്തില്‍ നിന്നും 25 ശതമാനമായി വര്‍ധിപ്പിച്ചു. 20000 കോടി ഡോളര്‍ മൂല്യമുള്ള ഇറക്കുമതിക്കു മേലാണ് പുതിയ നികുതി ഏര്‍പ്പെടുത്തുന്നത്. നികുതി വര്‍ധനയോടെ 150 ബില്ല്യണ്‍ ഡോളറിന്റെ ചൈനീസ് ഇറക്കുമതി തടസ്സപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
നിലവിലെ സാഹചര്യത്തില്‍ ചൈനക്ക് ഇത് കനത്ത തിരിച്ചടിയാവും. മൂന്നാം പാദത്തല്‍ ചൈന കൈവരിച്ച 6.5ശതമാനം വളര്‍ച്ച 2009ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ്. കഴിഞ്ഞ വര്‍ഷം കനത്ത നഷ്ടം രേഖപ്പെടുത്തിയ ഓഹരി വിപണികളിലൊന്ന് ചൈനയുടെതായിരുന്നു. വ്യാപാര കരാര്‍ സംബന്ധിച്ച് നേരത്തെ ചൈനീസ് വൈസ് പ്രീമിയര്‍ ലിയു ഹെയും അമേരിക്കന്‍ പ്രതിനിധി റോബര്‍ട്ട് ലൈതൈസറിനും തമ്മിലുള്ള അവസാനവട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു. അനുയോജ്യമായ തുടര്‍നടപടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ചൈനീസ് വാണിജ്യ മന്ത്രാലയം ഉന്നതതല ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണെന്നും വ്യക്തമാക്കി. പരസ്പര സഹകരണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ചൈനയുമായി ഇപ്പോഴും വ്യാപാരക്കരാറിന് സാധ്യതകളുണ്ടെന്ന് ലൈതൈസറിനും പറഞ്ഞു.
ഇരു രാജ്യങ്ങളുടേയും പുതിയ നീക്കം ആഗോള സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. ദീര്‍ഘകാലമായുള്ള വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞദിവസമാണ് ചൈന വ്യാപാര കരാര്‍ ലംഘിച്ചെന്നാരോപിച്ച് ട്രംപ് രംഗത്തെത്തിയത്. ഇതിന് അവര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു യു.എസ് തീരുവ വര്‍ധിപ്പിച്ചാല്‍ അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കുമെന്ന് ബീജിങ് തിരിച്ചടിച്ചു. ഇതോടെ ദക്ഷിണ ചൈനാ കടല്‍ പ്രശ്‌നം, വ്യാവസായിക ചാരവൃത്തി പ്രശ്‌നം തുടങ്ങിയ വിഷയങ്ങള്‍ കൂടുതല്‍ വഷളാവാനും സാധ്യതയേറി.
രണ്ട് ലോക സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യന്‍ രൂപയടക്കമുള്ള ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തകര്‍ച്ചയ്ക്കും അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് ഉയരുന്നതിനും ഇടായാക്കും. ഈ വ്യാപാരയുദ്ധം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളിയാകുമെന്നും ലോകത്തെ നിക്ഷേപകരുടെ ആത്മവിശ്വാസം തകരുന്നതു വഴി നിക്ഷേപ മേഖല ദീര്‍ഘകാല പ്രതിസന്ധികളിലേക്ക് നീങ്ങുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം ഇരു രാജ്യങ്ങളും ഇനി സ്വീകരിക്കുന്ന തുടര്‍ നിലപാടുകള്‍ എന്തായിരിക്കുമെന്ന് ഉറ്റു നോക്കുകയാണ് ലോക രാഷ്ട്രങ്ങള്‍.