വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തിലേക്ക് അടുക്കുന്നു. ആറു ഇലക്ടോറല്‍ വോട്ടുകള്‍ കൂടി ലഭിച്ചാല്‍ ബൈഡന്‍ രാജ്യത്തിന്റെ അടുത്ത പ്രസിഡണ്ടാകും. അഞ്ചു സ്റ്റേറ്റുകളിലെ ഫലം കൂടി പുറത്തുവരാനുള്ളപ്പോള്‍ ബൈഡന് അത് സാധ്യമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ട്രംപിന് ഇതുവരെ 214 വോട്ടുകള്‍ മാത്രമാണ് നേടാനായിട്ടുള്ളത്.

തോല്‍വി മണത്തതിന് പിന്നാലെ ട്രംപ് അനുകൂലികള്‍ രാജ്യത്തുടനീളം തെരുവിലിറങ്ങി. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ അടക്കമുള്ള പല നഗരങ്ങളും ഇവര്‍ പൊലീസുമായി ഏറ്റുമുട്ടി. അരിസോണയിലെ ഫീനിക്‌സിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് ഇരുനൂറില്‍ അധികം ട്രംപ് അനുകൂലികളാണ് ആയുധങ്ങളുമായി തമ്പടിച്ചത്. ന്യൂയോര്‍ക്ക് നഗര്തതിലും ഒറിഗണിലെ പോട്‌ലാന്‍ഡിലും പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്നാരോപിച്ച് ട്രംപ് അനുയായികള്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

ഇന്ന് വോട്ടെണ്ണിയ പ്രധാന സംസ്ഥാനമായ ജോര്‍ജിയയില്‍ 18540 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ട്രംപിനുള്ളത്. ഇവിടത്തെ 98 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞു. നോര്‍ത്ത് കരോലിനയിലും ട്രംപിനാണ് മുന്‍തൂക്കം. എന്നാല്‍ അരിസോണയില്‍ ബൈഡന്‍ വിജയിച്ചു. ഇവിടെ 11 ഇലക്ടോറല്‍ വോട്ടുകളാണ് ഉള്ളത്.