യുഎന്‍: റോഹിന്‍ഗ്യന്‍ ജനതയെ കൂട്ടക്കൊല ചെയ്തതില്‍ മ്യാന്മര്‍ സൈനിക ഉദ്യോഗസ്ഥര്‍ കുറ്റവാളികളാണെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം തലവന്‍. അഭയാര്‍ത്ഥികളായി കഴിയുന്നവരെ തിരിച്ചെത്തിക്കാന്‍ മ്യാന്മറും ബംഗ്ലാദേശുമായി ഉടമ്പടി തയാറാക്കണമെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം ഹൈകമ്മീഷ്ണര്‍ സെയ്ദ് റാആദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി. പീഡനങ്ങള്‍ക്കിരയായ റോഹിന്‍ഗ്യന്‍ ജനത അക്രമണങ്ങളെ ഭയന്നാണ് ജന്മനാട്ടില്‍ നിന്നും പാലായനം ചെയ്തത്. യുഎന്‍ കണക്ക് പ്രകാരം 6.26 ലക്ഷം പേര്‍ മ്യാന്മര്‍ വിട്ടു പോയി. ഇവര്‍ക്ക് സുരക്ഷയൊരുക്കേണ്ടതുണ്ട്.

അതേസമയം, ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തവരെ തിരിച്ചു നാട്ടിലെത്തിക്കാന്‍ മ്യാന്മര്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരുന്നതായി മ്യാന്മാര്‍ അംബാസിഡര്‍ ഹറ്റിന്‍ ലയ്ന്‍ വ്യക്തമാക്കി. ബംഗ്ലാദേശില്‍ നിന്നും തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ക്യാമ്പു പോലും അവശേഷിപ്പിക്കാതെ റോഹിന്‍ഗ്യന്‍ ജനതയെ മ്യാന്മറിലെത്തിക്കുകയാണ് ലക്ഷ്യം. ഹറ്റിന്‍ ലയ്ന്‍ പറഞ്ഞു.

ജനീവയില്‍ നടന്ന യുന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ യോഗത്തിലാണ് ഇക്കാര്യം സെയ്ദ് വ്യക്തമാക്കിയത്. ക്രൂരതകളാണ് ഒരു ജനവിഭാഗം അനുഭവിച്ചത്. ഓരോ കുടുംബത്തിലും കൊലപാതകങ്ങള്‍ നടന്നു. കുട്ടികളും സ്ത്രീകളും പീഡനങ്ങള്‍ക്ക് ഇരയായി. സ്ത്രീകളും പെണ്‍കുട്ടികളും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടു. അക്രമത്തിന്റെ ഭാഗമായി റോഹിന്‍ഗ്യക്കാരുടെ വീടുകള്‍ അഗ്നിക്കിരയാക്കി. വിദ്യാലയങ്ങളും പൊതു മാര്‍ക്കറ്റുകളും മസ്ജിദുകളും നശിപ്പിക്കപ്പെട്ടു. ആരാണ്, ഇതിന് ഉത്തരവാദി. ആരും ഈ ഹിനകൃത്യങ്ങള്‍ തടഞ്ഞില്ല. സെയ്ദ് വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 47 പ്രതിനിധികള്‍ പങ്കെടുത്തു. ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മ്യാന്മറില്‍ എത്തിയാല്‍ ക്രൂരതകളുടെ ശേഷിപ്പുകള്‍ കാണാനാകും. 2011 മുതല്‍ ഒരു ജനത ക്രൂരതകള്‍ക്ക് ഇരയാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൃദയം നിലച്ചു പോകുന്ന തരത്തിലുള്ള കഥകളാണ് മ്യാന്മറില്‍ നിന്നും കണ്ടെത്തിയതെന്ന് സെക്്‌സ്ഷ്യല്‍ വയലന്‍സ് ഇന്‍ കോണ്‍ഫ്‌ളിക്റ്റ് സെക്രട്ടറി ജനറല്‍ പ്രമീള പത്താന്‍ പറഞ്ഞു. മതത്തിലും ഗോത്രത്തിലും വിശ്വസിക്കുന്ന ഒരു സമൂഹം എത്രത്തോളം ലൈംഗിക ക്രൂരതയാണ് അനുഭവിച്ചത്. പട്ടാളക്കാര്‍ കൂട്ടത്തോടെ സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവങ്ങള്‍ നടന്നു. ലൈംഗികമായി അടിമപ്പെടുത്താനുള്ള ഒട്ടേറെ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.