ഷറഫുദ്ദീന്‍ ടി.കെ

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ജയത്തോടെ തുടങ്ങി. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് പുതുച്ചേരിയെയാണ് കേരളം തകര്‍ത്തുവിട്ടത്. കെ.എസ്.ഇ.ബി താരം ജോബി ജസ്റ്റിന്‍ ആതിഥേയരുടെ ആദ്യ ഗോള്‍ നേടിയപ്പോള്‍ ക്യാപ്ടന്‍ ഉസ്മാന്‍ രണ്ട് ഗോളുകളുമായി മുന്നില്‍ നിന്നു നയിച്ചു.

കളി തുടങ്ങി നാലാം മിനുട്ടില്‍ തന്നെ ജോബി ജസ്റ്റിന്‍ കേരളത്തിന്റെ ഗോള്‍ നേടി. തുടക്കത്തിലേറ്റ ആഘാതത്തില്‍ നിന്ന് കരകയറാന്‍ പുതുച്ചേരിക്കാര്‍ ശ്രമിച്ചെങ്കിലും കളിയില്‍ കേരളം വ്യക്തമായ ആധിപത്യം പുലര്‍ത്തി. 62-ാം മിനുട്ടില്‍ ജസ്റ്റിന്റെ പാസില്‍ നിന്ന് ഉസ്മാന്‍ ടീമിന്റെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഇതേ കൂട്ടുകെട്ടില്‍ തന്നെ 72-ാം മിനുട്ടില്‍ മൂന്നാം ഗോളും പിറന്നു.

നേരത്തെ ആദ്യ മത്സരത്തില്‍ 2-1 ആന്ധ്ര കര്‍ണാടകയെ തോല്‍പ്പിച്ചു. ഒരു ഗോളിന് മുന്നില്‍ കയറിയ കര്‍ണാടകക്ക് രണ്ട് പെനാല്‍ട്ടി വഴങ്ങിയതാണ് തിരിച്ചടിയായത്. കന്നടക്കാര്‍ക്കു വേണ്ടി 24-ാം മിനുട്ടില്‍ വിഘ്‌നേഷ് ഗുണശേഖര്‍ ആണ് വല ചലിപ്പിച്ചത്. എന്നാല്‍ 45, 74 മിനുട്ടുകളില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ചന്ദ്രശേഖര്‍ ആന്ധ്രക്കാരെ വിജയത്തിലെത്തിച്ചു.

കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ കളി കാണാന്‍ ഉച്ചയ്ക്കു തന്നെ നൂറു കണക്കിനാളുകള്‍ എത്തിയിരുന്നു. ആരാധകര്‍ കളി കാണാനെത്തിയത് രണ്ടാമത് കളിച്ച കേരളത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.