X
    Categories: indiaNews

ഹത്രാസ് ബലാത്സംഗം; ഉത്തര്‍പ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി; യോഗി സര്‍ക്കാരിനെതിരെ ദളിത് എംപിമാര്‍

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപിക്കുള്ളില്‍ പൊട്ടിത്തെറി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വീഴ്ചയെ അപലപിച്ച് പാര്‍ട്ടിയുടെ ദളിത് എംപിമാര്‍ രംഗത്തെത്തി.

സ്ത്രീകളുടെ ജീവന് വിലയില്ലോ.അവര്‍ക്ക് ആര് സംരക്ഷണം നല്‍കും? എന്ന് ചോദിച്ച് 2012 ഒക്ടോബറില്‍ സ്മൃതി ഇറാനി നടത്തിയ പ്രതിഷേധം ഇപ്പോള്‍ തിരിഞ്ഞ് കുത്തുകയാണ്. ഭരണംമാറിയിട്ടും സ്ഥിതി മാറിയിട്ടില്ല എന്ന രൂക്ഷവിമര്‍ശനമാണ് കേന്ദ്ര സര്‍ക്കാരും യോഗി സര്‍ക്കാരും ഇപ്പോള്‍ നേരിടുന്നത്. ഹത്രാസ് സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ പാര്‍ട്ടിയില്‍ തന്നെ കടുത്ത വിമര്‍ശനം ഉയരുകയാണ്.

ബിജെപി എസ്‌സി മോര്‍ച്ചാ നേതാവും കൗശമ്പി എംപിയുമായ വിനോദ് കുമാര്‍ സോങ്കറാണ് യുപി സര്‍ക്കാരിനെതിരെ വിമര്‍ശനത്തിന് തുടക്കമിട്ടത്. സംഭവം കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിച്ഛായ തകര്‍ത്തെന്ന് സോങ്കര്‍ തുറന്നടിച്ചു. ദളിതരെയും പാവപ്പെട്ടവരെയും യുപി പൊലീസ് പീഡിപ്പിക്കുകയാണെന്ന് മോഹന്‍ലാല്‍ ഗഞ്ച് എംപി കൗശല്‍ കിഷോറും ആരോപിച്ചു. സംഭവത്തെ രാഷ്ട്രീയ ആയുധമാക്കിയ ബിഎസ്പി അധ്യക്ഷ മായാവതി സംസ്ഥാന ഭരണത്തില്‍ ദളിതുകള്‍ അരക്ഷിതരാണെന്ന് ആഞ്ഞടിച്ചു.

യുപി സര്‍ക്കാരില്‍ നിയമവാഴ്ചയല്ല,ഗുണ്ടാ മാഫിയ വാഴ്ചയാണ് നടക്കുന്നതെന്നാണ് മായാവതി പറഞ്ഞത്. പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശനം രൂക്ഷമായതോടെ ബിജെപി കേന്ദ്ര,സംസ്ഥാന നേതൃത്വങ്ങള്‍ പ്രതിരോധത്തിലായിരിക്കുകയാണ്.കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ചും ജോലി വാഗ്ദാനം ചെയ്തും സംഭവം തണുപ്പിക്കാന്‍ യോഗി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷം വിടാന്‍ ഒരുക്കമല്ല.പഴയ ദളിത് പിന്തുണ തിരിച്ചു പിടിക്കാന്‍ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസും ശ്രമം ആരംഭിച്ചിട്ടുണ്ട്.

web desk 3: