X

വാളയാറില്‍ നിന്ന് ശ്രദ്ധ തിരിക്കല്‍; മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതില്‍ ദുരൂഹതയെന്ന് വി. കെ ശ്രീകണ്ഠന്‍ എം.പി

പാലക്കാട് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍. വാളയാറില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറച്ചുകാലമായി അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് പൊലീസ് തന്നെ പറഞ്ഞിരുന്നുവെന്നും വി.കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.

പാലക്കാട് അട്ടപ്പാടി അഗളിയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട പശ്ചാതലത്തിലായിരുന്നു എം.പിയുടെ പ്രതികരണം. പാലക്കാട് അട്ടപ്പാടി പുതൂര്‍ മഞ്ചിക്കണ്ടിയിലാണ് തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. വനത്തില്‍ തെരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.

കര്‍ണാടക സ്വദേശി ചന്ദ്രു, ചത്തീസ്ഗഡ് സ്വദേശി ദീപു എന്ന ദീപക് എന്നിവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ടുപേരെന്നാണ് സൂചന. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. എട്ടുപേരുള്ള സംഘമായിരുന്നു വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്ത് കര്‍ശന സുരക്ഷ ഒരുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കൂടുതല്‍ സേനയെ പ്രദേശത്തേയ്ക്ക് അയക്കാനും തീരുമാനമായിട്ടുണ്ട്. മൃതദേഹങ്ങള്‍ ഇപ്പോഴും വനത്തിനുള്ളില്‍ തന്നെയാണുള്ളത്.

അതേസമയം, വാളയാര്‍ കേസിലെ മുഖ്യപ്രതി മധു പ്രദേശത്തെ പ്രധാന പാര്‍ട്ടി പ്രവര്‍ത്തകനാണെന്നതിനുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. വാളയാര്‍ പീഡനകൊലപാതക കേസില്‍ പ്രതികള്‍ക്ക് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി ബന്ധമുണ്ടെന്ന വിവിരങ്ങളാണ് പുറത്താവുന്നത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് നിതിന്‍ കണിച്ചേരിയുടെ തോളില്‍ കയ്യിട്ടു നില്‍ക്കുന്ന മധുവിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങില്‍ പ്രചരിക്കുന്നുണ്ട്. മലമ്പുഴ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗംകൂടിയായ നിതിന്‍ കണിച്ചേരി, പാലക്കാട് മുന്‍ എംപി എംബി രാജേഷിന്റെ ഭാര്യയുടെ സഹോദരന്‍ ആണെന്ന് വിവരവും പ്രചരിക്കുന്നുണ്ട്.

chandrika: