വാക്‌സിന്‍ നയം പ്രവാസി വിരുദ്ധമാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രവാസികളെ ബുദ്ധിമുട്ടാക്കുന്നതാണ് വാക്‌സിനേഷന്‍ നയമെന്ന് കാണിച്ച് ജിദ്ദയിലെ സഹ്‌റാനി ഗ്രൂപ്പ് സി.ഇ.ഒ. റഹീം പട്ടര്‍കടവിന്‍ ആണ് ഹരജി നല്‍കിയത്. ഹര്‍ജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.

അഡ്വ. ഹാരിസ് ബീരാന്‍ മുഖേനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സൗദിയിലേക്കുള്ള പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളാണ് ഹര്‍ജിയില്‍ പ്രതിപാദിച്ചിരിക്കുന്നത്.

നിലവിലുള്ള സാഹചര്യത്തില്‍ സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര ഏറെ ദുഷ്‌കരമാണ്. ഇന്ത്യ ബ്ലാക്ക് ലിസ്റ്റിലുള്ള രാജ്യമായതിനാല്‍ മറ്റേതേങ്കിലും രാജ്യത്ത് പോയി പതിനാല് ദിവസം ക്വാറന്റൈനില്‍ താമസിച്ചതിനു ശേഷം മാത്രമേ ഒരു ഇന്ത്യക്കാരന് നിലവില്‍ സൗദിയിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. അതിനു ശേഷം വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ സൗദിയില്‍ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ നിന്ന് ഇളവ് ലഭിക്കും. എടുത്തിട്ടില്ലെങ്കില്‍ ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ആണ് സൗദി നിഷ്‌കര്‍ഷിക്കുന്നത്.