X

പന്തുകൊണ്ടൊരു ഒറ്റക്കാല്‍പ്പോര്

നൗഫല്‍ പനങ്ങാട്

തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്തവന് മുന്നില്‍ ഏത് പ്രതിസന്ധിയും വഴിമാറുമെന്ന് തെളിയിക്കുകയാണ് പേരാമ്പ്ര കുട്ടോത്ത് സ്വദേശി വൈശാഖ്. അപകടത്തില്‍ വലതുകാല്‍ നഷ്ടപ്പെട്ടിട്ടും ഉള്ളില്‍ കനലായികത്തുന്ന സ്വപ്നത്തിലേക്ക് ഇച്ഛാശക്തിയോടെ നടന്നുകയറുകയായിരുന്നു വൈശാഖ്. ഒറ്റക്കാലില്‍ തോല്‍പ്പന്ത് തട്ടി മൈതാനത്ത് ആരവം നിറക്കുമ്പോള്‍ ഉള്ളിലൂറുന്ന സന്തോഷത്തിന് അതിരില്ലാതാവുന്നത്, എതിരാളികളുടെ പ്രതിരോധക്കാലുകള്‍ക്കിടയിലൂടെ പന്തുതട്ടി ഗോള്‍പോസ്റ്റിലേക്ക് മുന്നേറുന്ന അതേ ആവേശത്തിലാണ് പ്രതിസന്ധികളെ മറികടന്ന് കളിമൈതാനത്തെത്തിയത് എന്നതിനാലാണ്.

വായു നിറച്ച തുകല്‍പന്തിനു പിറകെ സ്വപ്നവുമായി പറക്കുമ്പോഴാണ് പതിമൂന്ന് വയസ്സുകാരന്റെ കാലിടറിയത്. ബൂട്ട് കെട്ടിയ രണ്ട് കാലുകളില്‍ ഒന്നു മുറിച്ചുമാറ്റേണ്ടിവന്നു. ആസ്പത്രിയില്‍ കിടക്കുമ്പോഴും ഉള്ളുനിറയെ മൈതാനത്തെ ആരവങ്ങളായിരുന്നു. വീട്ടിനുള്ളില്‍ അടച്ചിരുന്ന് മടുത്തു. മുറിച്ചുമാറ്റിയ കാലിന്റെ ഭാഗത്ത് വല്ലാത്ത ഭാരം. അവിടെ ഒരു കാലുണ്ടെന്ന് സങ്കല്‍പ്പിച്ച് സ്വപ്നത്തില്‍ പന്തുകളിച്ചു. പന്തിനുള്ളില്‍ കാറ്റുനിറയും പോലെ ശരീരത്തിലേക്ക് ആവേശം പതച്ചുകയറി. അതിജീവിക്കാന്‍ തന്നെ തീരുമാനിച്ചു. അത്രക്കിഷ്ടമായിരുന്നു ഫുട്ബാള്‍. അപാരമായ പരിശ്രമം കൊണ്ട് തന്റെ സ്വപ്നത്തിലേക്ക് അവന്‍ നടന്നുകയറി. ആഗ്രഹത്തിന്റെ തീവ്രതകൊണ്ടായിരുന്നു കളിക്കളത്തിലേക്കുള്ള തിരിച്ചുനടത്തം. ഇന്ത്യന്‍ ആംപ്യൂട്ടി ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായി മാറിയതും ഇതേ ഇച്ഛാശക്തികൊണ്ടായിരുന്നു. അതുകൊണ്ടാണ് പേരാമ്പ്ര കുട്ടോത്ത് തിരുമംഗലത്ത് ശശിധരന്റെയും രജനിയുടെയും മൂത്തമകന്‍ വൈശാഖിന്റെ ജീവിതം പ്രചോദനത്തിന്റെ വലിയപാഠമാവുന്നത്. തോല്‍ക്കാന്‍ മനസ്സില്ലാത്തവര്‍ക്ക് മുന്നില്‍ ലോകം വിശാലമാണെന്ന് വൈശാഖ് ജീവിച്ചുകാണിക്കുന്നു.

പാതിയില്‍ മുറിഞ്ഞ സ്വപ്നം

‘രണ്ട് സ്വപ്നങ്ങളായിരുന്നു ചെറുപ്പത്തിലുണ്ടായിരുന്നത്. ഫുട്‌ബോള്‍ കളിക്കാരനാവുക, പട്ടാളത്തില്‍ ചേരുക’. എന്നാല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍, പതിമൂന്നാമത്തെ വയസ്സില്‍ ഒരു വെക്കേഷന്‍ കാലത്താണ് ജീവിതത്തെ മാറ്റിയ അപകടമുണ്ടാവുന്നത്. ജൂനിയര്‍ ടീമിന്റെ സെലക്ഷന്‍ നടക്കുന്ന ദിവസം. ബന്ധു വീട്ടില്‍ നിന്നും നാടായ കുട്ടോത്തേക്ക് വരുന്ന സമയത്ത് പേരാമ്പ്ര ടൗണില്‍ വെച്ച് കെ.എസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചു. അമ്മയുടെ സഹോദരിയുടെ മകനൊപ്പമായിരുന്നു യാത്ര. ബസിനടിയില്‍പെട്ട് വലതുകാല്‍ നഷ്ടപ്പെട്ടു. കുട്ടോത്തെ മണ്‍കോര്‍ട്ടുകളിലെ ഗോള്‍ പോസ്റ്റിലേക്ക് കൂറ്റന്‍ ഷോട്ടുകള്‍ പായിച്ച ആ കാല്‍ തനിക്കൊപ്പമില്ലെന്ന് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. നീണ്ട കാലത്തെ ആസ്പത്രിക്കിടക്കയായിരുന്നു പിന്നീടുള്ള എന്റെ ലോകം. ആശുപത്രിയില്‍ മുത്തച്ഛനോട് കാല് തടവി തരാന്‍ പറഞ്ഞപ്പോള്‍ ആ കാല്‍ അവിടെ ഇല്ലെന്ന് പറയാന്‍ മടിച്ച് കരഞ്ഞുകൊണ്ട് അദ്ദേഹം റൂമില്‍ നിന്നിറങ്ങിപ്പോയത് കണ്ണീര്‍കണങ്ങള്‍ ചാലിട്ടുകൊണ്ട് ഓര്‍മയിലേക്ക് വരുന്നുണ്ട്. ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കത്തിനിടെയായിരുന്നു അപകടം.

ജൂനിയര്‍ കപ്പ് കളിക്കുകയെന്ന സ്വപ്നം അവിടെ ഉപേക്ഷിക്കേണ്ടിവന്നു. കരയണമോ സങ്കടപ്പെട്ടിരിക്കണമോ എന്നറിയാത്ത സമയം. ഒരു കാര്യത്തെക്കുറിച്ച് ഒരുപാട് തവണ ചിന്തിക്കുകയും സങ്കടപ്പെടുകയും ചെയ്യരുതെന്നുള്ള ബോധം രൂപപ്പെടുത്തിയെടുക്കുകയായിരുന്നു. ക്രച്ചസില്‍ റൂമിലൂടെ നടക്കാന്‍ തുടങ്ങിയതോടെ കടലാസുകൊണ്ട് കെട്ടിയുണ്ടാക്കിയ പന്ത് തട്ടിക്കളിക്കാന്‍ തുടങ്ങി. ഉണര്‍വ്വിലും ഉറക്കത്തിലും കളിമൈതാനത്തെ ആരവങ്ങള്‍ മാത്രമായിരുന്നു. ഫുട്‌ബോള്‍ കളിക്കുകയെന്ന സ്വപ്നം വിട്ടുകളയാനായില്ല. രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കൂടെനിന്നപ്പോള്‍ പതിയെ ആഗ്രഹങ്ങള്‍ക്ക് ചിറകുവെക്കാന്‍ തുടങ്ങി. ചെസ്സ് കളിക്കാനും കാരംബോഡ് കളിക്കാനും വീല്‍ചെയറില്‍ പുറത്തുകൊണ്ടുപോകാനുമെല്ലാം അവര്‍ എപ്പോഴും ഒരുക്കമായിരുന്നു.

വീല്‍ചെയറിലിരുന്ന് ഷട്ടില്‍ കളിക്കാന്‍ തുടങ്ങി. കൂട്ടുകാര്‍ വീല്‍ചെയര്‍ ഉരുട്ടി പറമ്പിലൂടെ നടന്നു. ആ ഇരുപ്പില്‍ വോളിബോള്‍ കളിക്കാന്‍ തുടങ്ങി. ആര്‍ട്ടിഫിഷ്യല്‍ ലിംപ് വെച്ചപ്പോള്‍ ക്രിക്കറ്റും വോളിബോളും കളിക്കാന്‍ തുടങ്ങി. അപ്പോഴും മനസ്സില്‍ കാല്‍പ്പന്തുമായി മൈതാനത്തിറങ്ങണമെന്ന ആഗ്രഹമായിരുന്നു വലുത്. തുകല്‍പന്തിനു പിറകെ പായുന്നത് മാത്രമായിരുന്നു ഉള്ളില്‍. കാലില്ലാതെ എങ്ങനെ മൈതാനത്തുകൂടെ ഓടും. സ്റ്റിക്കിന്റെ നടത്തത്തിന് വേഗത കൂടിയതോടെ പന്ത് കയ്യിലെടുത്തു. അത് ചുമരിലേക്കിട്ട് പിടിക്കാന്‍ തുടങ്ങി. സഹോദന്‍ നന്ദകിഷോറും ബോള്‍ തട്ടിക്കളിക്കാന്‍ കൂടെ നിന്നു.സ്‌കൂളില്‍ പോകാന്‍ തുടങ്ങിയ വൈശാഖിന് വെറുതെയിരിക്കാന്‍ തോന്നിയില്ല. സൈക്കിളെടുത്ത് ഒന്നുപുറത്തിറങ്ങാന്‍ നോക്കിയതായിരുന്നു. തെന്നിവീണ് മുട്ടിന് സാരമായി പരിക്കേറ്റു. വീണ്ടും കിടപ്പിലായി. പിന്നെയും ദുരിതകാലം. ബൂട്ട് കെട്ടി മൈതാനത്ത് ഒന്ന് നില്‍ക്കാന്‍ പറ്റിയെങ്കില്‍ എന്നായിരുന്നു ചിന്ത. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ വൈശാഖ് ദേവഗിരി കോളജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നു. ദേവഗിരിയിലെ ഫുട്‌ബോള്‍ മൈതാനങ്ങള്‍ തന്നെ മാടിവിളിക്കുന്നതായി അവന് തോന്നി. മനസ്സെത്തുന്നിടത്തേക്ക് ഊന്നുവടികളെ ചലിപ്പിക്കാനുള്ള കഠിനമായ ശ്രമമായിരുന്നു പിന്നീട്. ഉരുളുന്ന പന്തിനു പിറകെ മനസ്സ് പായുകയായിരുന്നു. നാട്ടിലെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കൊപ്പം പന്തു തട്ടി പ്രതീക്ഷകളിലേക്ക് നടന്നടുക്കുകയായിരുന്നു. ഫാല്‍ക്കണ്‍സ് കുട്ടോത്ത് എന്ന സ്വന്തം ക്ലബ് വൈശാഖിനെ ടീമിനൊപ്പം കൂട്ടി.

പിന്നീട് നിരവധി അവസരങ്ങളാണ് ഈ താരത്തെ തേടിയെത്തിയത്. ഒരിക്കല്‍ നാഗ്ജി ഫുട്‌ബോള്‍ കോഴിക്കോട് നടന്നപ്പോള്‍ അര്‍ജന്റീനയുടെ അണ്ടര്‍ 20 ഒളിമ്പിക്‌സ് ടീം ക്യാംപസിന്റെ ഗ്രൗണ്ടില്‍ പരിശീലനത്തിന് വന്നപ്പോള്‍ അധ്യാപകര്‍ അവര്‍ക്കു പരിചയപ്പെടുത്തി. പരിശീലനത്തിന്റെ ഭാഗമായി അവര്‍ക്കൊപ്പം പന്തുതട്ടി. ടീം കോച്ച് തനിക്കന്ന് സമ്മാനിച്ച തൊപ്പി ഇന്നും നിധി പോലെ സൂക്ഷിക്കുന്നുണ്ട്. ബഹറൈനില്‍ യുവ കേരളക്ക് വേണ്ടി ജഴ്‌സിയണിഞ്ഞു. മലബാര്‍ എഫ്.സി കോഴിക്കോടിന്റെ കൂടെയും കളിക്കാന്‍ സാധിച്ചു. കല്ലാനോട് വെച്ച് നടന്ന ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയപ്പോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ കോച്ച് ഈ വീഡിയോ കാണാനിടയാവുകയും നോര്‍ത്ത് ഈസ്റ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു. താരങ്ങള്‍ക്കൊപ്പം പരീശീലനത്തില്‍ പങ്കെടുക്കാനും ഐ.എസ്.എല്‍ വേദിയില്‍ വിളിച്ചുവരുത്തുകയും ഒപ്പിട്ട ബോള്‍ സമ്മാനിക്കുകയും ചെയ്തത് ഏറെ സന്തോഷമായി. വിങ്ങിലാണ് കളിക്കുക. നല്ല വേഗത വേണം ഓടിയെത്താന്‍. സ്‌ക്രച്ചസില്‍ പരിമിതികളുണ്ട്. എന്നാല്‍ കളത്തിലിറങ്ങിയാല്‍ എല്ലാ പരമിതിയുമങ്ങ് മറക്കും. പിന്നെ പന്തിനുപിന്നിലാണ് എല്ലാം. നല്ല പരീശീലനം വേണമെന്നതിനാല്‍ ഇതിനായി കുറെ സമയം മാറ്റിവെക്കാറുണ്ട്. കിട്ടാവുന്ന അവസരങ്ങളൊക്കെ ഉപയോഗപ്പെടുത്താറുമുണ്ട്. ഒരു കോച്ചായി മാറണമെന്നുണ്ട്. അതിനുള്ള ചില ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നാട്ടിന്‍പുറങ്ങളില്‍ ഒരുപാട് കഴിവുള്ള കളിക്കാര്‍ അവസരങ്ങളില്ലാത്തതുകൊണ്ട് എങ്ങുമെത്താതെ പോവുകയാണ്. അവര്‍ക്കു വേണ്ടി ഒരു അക്കാദമി തുടങ്ങുകയെന്നത് വലിയ സ്വപ്നമായി കൊണ്ടുനടക്കുന്നുണ്ട്. ഫുട്‌ബോള്‍ കളിക്കാന്‍ മൈതാനങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. വെറുതെ കിടക്കുന്ന സ്‌കൂള്‍ മൈതാനങ്ങള്‍ പോലും ഇപ്പോള്‍ ലഭിക്കുന്നില്ല. ശരിയായ പരിശീലനം വേണ്ട സമയത്ത് ലഭിക്കുകയാണെങ്കില്‍ നല്ല കഴിവുള്ള താരങ്ങള്‍ നമ്മുടെ നാട്ടില്‍ നിന്നു തന്നെ വളര്‍ന്നുവരും. അധികൃതര്‍ ഇതിലേക്ക് ശ്രദ്ധ തിരിക്കണം. ഞാന്‍ കളിച്ചുവളര്‍ന്ന ഫാല്‍ക്കണ്‍സ് കുട്ടോത്ത് ടീമിനു വേണ്ടി നല്ലൊരു ഗ്രൗണ്ട് നിര്‍മിക്കുകയെന്നത് വലിയൊരു ആഗ്രഹമാണ്.

രണ്ടാം നമ്പറുകാരന്‍

രണ്ടാം നമ്പറുകാരനല്ല, ഒന്നാം നമ്പറുകാരന്‍ തന്നെയാണ് കളത്തിലിറങ്ങിയാല്‍ ഈ താരം. വൈശാഖിന്റെ ഭാഷയില്‍ പറഞ്ഞാല്‍, തന്റെ കാല്‍ സ്വര്‍ഗത്തില്‍ പോയ ദിവസമായ രണ്ടാം തിയ്യതിയുടെ ഓര്‍മയാണ് രണ്ടെന്ന നമ്പര്‍. രണ്ടാം നമ്പര്‍ ജഴ്‌സിയിലാണ് കളത്തിലിറങ്ങാറ്. സ്റ്റിക്കിന്റെ മുകളിലും ഈ നമ്പര്‍ പതിച്ചിട്ടുണ്ട്. ഖത്തര്‍ ഫുട്‌ബോള്‍ ടീം അയച്ചുകൊടുത്ത ജഴ്‌സിയിലും രണ്ടാം നമ്പര്‍ എന്നു പതിച്ചിട്ടുണ്ട്. അവസരങ്ങളെ മുതലെടുക്കുമ്പോഴാണ് യഥാര്‍ത്ഥ കളിക്കാരന്‍ പിറവിയെടുക്കുന്നത്. അത് ജീവിതത്തിലായാലും കളിക്കളത്തിലായാലും എന്നാണ് വൈശാഖിന്റെ പക്ഷം. ഈയൊരു ഉറച്ച മനസ്സുകൊണ്ടാണ് ആംപ്യൂട്ട് ഫുട്‌ബോള്‍ ടീമിന്റെ നായകസ്ഥാനത്തേക്ക് വൈശാഖിനെ പരിഗണിച്ചതും ഇന്ത്യക്കായി ജഴ്‌സിയണിയാന്‍ സാധിച്ചതും. ആംപ്യൂട്ട് ഫോട്‌ബോളില്‍ ഇന്ത്യയുടെ ആദ്യയോഗ്യതാ മത്സരം ലോക റാങ്കിങ്ങില്‍ പന്ത്രണ്ടാം സ്ഥാനത്തുള്ള കെനിയയോടായിരുന്നു. കളിയില്‍ തോറ്റെങ്കിലും ഏറെ അഭിമാനം തോന്നിയിരുന്നു. ഏഴു പേരടങ്ങുന്നതാണ് ആംപ്യൂട്ട് ടീം. ക്രച്ചസോ സ്റ്റിക്കോ ഒന്നും പന്ത് തട്ടാന്‍ ഉപയോഗിക്കരുത്. കാല്‍കൊണ്ട് മാത്രമേ തട്ടാവൂ. ഗോളിക്ക് രണ്ട് കാലുകളും ഉണ്ടാവും. പക്ഷെ കൈ ആംപ്യൂട്ട് ചെയ്ത ആളായിരിക്കണം. 50 മിനിറ്റാണ് മത്സരം. 2022 ലെ ആംപ്യൂട്ട് ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കണമെന്നതാണ് വൈശാഖിന്റെ മനസ്സില്‍. ഉള്ളിലെ കനല്‍ കെടാതെ സൂക്ഷിക്കാന്‍ കഴിയുന്ന വൈശാഖിന് ഇത് സാധിക്കും. ഇന്ത്യന്‍ പാരാലിമ്പിക് വോളീബോള്‍ ടീമിലും വൈശാഖ് കളിച്ചിട്ടുണ്ട്. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് ബിരുദത്തിനു ശേഷം കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ നിന്ന് ഫാര്‍മസി കോഴ്‌സ് പൂര്‍ത്തിയാക്കിയ വൈശാഖ് ഇപ്പോള്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുന്നു. ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ഭയമാണ് ലോകത്തിലെ ഏറ്റവും വലിയ രോഗമെന്നാണ് വൈശാഖ് പറയുന്നത്. ഭയം നിറച്ചമനസ്സുമായി നിങ്ങള്‍ക്ക് ഈ ലോകത്തെ കാണാന്‍ കഴിയില്ല. സാധ്യമാകുമെന്ന മനസ്സുണ്ടെങ്കില്‍ ലോകം നിങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ തുടങ്ങും. വിജയവും പരാജയവും നിങ്ങളില്‍ തന്നെയാണുള്ളത്. മുന്‍വിധിയോടുകൂടി ഏത് കാര്യത്തെയും സമീപിക്കാതിരിക്കുക. തന്നെപ്പോലെ അനുഭവമുള്ള നിരവധി പേരെ കാണാനിടയായിട്ടുണ്ട്. അതിജീവനത്തിന്റെ കഥ അവര്‍ ആവേശത്തോടെയാണ് കേള്‍ക്കാറ്. എന്നാല്‍ പലരും പരിമിതിയുടെ കള്ളികളില്‍ നിന്ന് പുറത്തുകടക്കാന്‍ സ്വയം തയ്യാറാവുന്നില്ലെന്നത് ഏറെ സങ്കടകരമാണ്. ഭയമാണ് അവരെ പിറകോട്ടടിപ്പിക്കുന്ന പ്രധാന ഘടകം. എന്നാല്‍ ഉള്ളിലെ കഴിവ് കണ്ടെത്താന്‍ ശ്രമിക്കാതിരിക്കുന്നത് നമ്മളോട് തന്നെ ചെയ്യുന്ന തെറ്റാണ്. ജീവിതം എത്ര മനോഹരമാണ്. എന്നാല്‍ അത് തിരിച്ചറിയാതെ പരിതികളില്‍ മാത്രം നോക്കിയിരിക്കുന്നവര്‍ക്ക് ജീവിതം ആസ്വദിക്കാനാവില്ല. തിരിച്ചുപിടിച്ച ജീവിതം കൊണ്ട് നഷ്ടമായ കാലുനോക്കി മനോഹരമായ പുഞ്ചിരിതൂകി വൈശാഖ് പറയുമ്പോള്‍ ആരിലാണ് ആത്മവിശ്വാസം വളരാതിരിക്കുക.

 

web desk 3: