ബി.ജെ.പി എംപി വരുണ്‍ ഗാന്ധി ഹണി ട്രാപ്പില്‍ പെട്ട് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം. അമേരിക്കന്‍ അഭിഭാഷകന്‍ എഡ്മണ്ട് അലനാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

വിവാദ ആയുധ വ്യാപാരി അഭിഷേക് വര്‍മ്മ, ഹണി ട്രാപ്പില്‍ പെടുത്തി വരുണിനെ കുടുക്കുകയായിരുന്നുവെന്നും എസ്‌കോര്‍ട്ട് യുവതികളുമൊത്തുള്ള ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നുമാണ് ആരോപണം. പ്രതിരോധ ഉപദേശക സമിതി അംഗമാണ് വരുണ്‍ ഗാന്ധി.

ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ സ്വന്തമാക്കി ആയുധ കരാറുകള്‍ സ്വന്തമാക്കാന്‍ അഭിഷേക് ശര്‍മ വരുണ്‍ ഗാന്ധിയെ ഉപയോഗിച്ചുവെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ അഭിഭാഷകന്‍ ആരോപിച്ചു. ശര്‍മയുടെ ആദ്യ ബിസിനസ് പങ്കാളി കൂടിയായിരുന്നു അലന്‍.

എന്നാല്‍ ബാലിഷമായ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് വരുണ്‍ ഗാന്ധി പ്രതികരിച്ചു.