സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയെകൊണ്ട് മുല്ലപ്പെരിയാര്‍
വിഷയത്തില്‍ മറുപടി പറയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചെറുതോണിയില്‍ ഡീന്‍ കുര്യാക്കോസ് എം.പിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യവെയാണ് സതീശന്റെ പ്രതികരണം.

കേരളം മുല്ലപ്പെരിയാറിനെക്കുറിച്ച് സമ്പൂര്‍ണ അജ്ഞതയിലാണെന്നും തമിഴ്‌നാടിന് ജലം നല്‍കുന്നതിന് എതിരല്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. എന്നാല്‍ പുതിയ ഡാം നിര്‍മിക്കുക മാത്രമാണ് പ്രശ്‌നത്തിന് പരിഹാരമെന്നും മുല്ലപ്പെരിയാറിനെ കുറിച്ച് അടിസ്ഥാന വിവരങ്ങള്‍ പോലും കേരളത്തിന്റെ കയ്യിലില്ലെന്നും അദ്ദേഹം ആരോപ്പിച്ചു.

ബേബി ഡാം ശക്തിപ്പെടുത്താനാണ് മരമുറിക്കുന്നത്. അതിലൂടെ ജലനിരപ്പ് 152 അടിയാക്കാന്‍ ആണ് തമിഴ്‌നാടിന്റെ ശ്രമം. മരം മുറിക്ക് അനുമതി നല്‍കിയതിലൂടെ കേരളം കേസ് ദുര്‍ബലമാക്കി, വി.ഡി സതീശന്‍ പറഞ്ഞു.

അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാര്‍ കാണാത്ത ചില രേഖകള്‍ പ്രതിപക്ഷത്തിന്റെ പക്കലുണ്ടെന്നും സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാത്ത രണ്ട് മന്ത്രിമാര്‍ എന്തിനാണ് മന്ത്രി കസേരയില്‍ ഇരിക്കുന്നതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.