X

മാധ്യമങ്ങളെ വേട്ടയാടുന്നത് നല്ലതിനല്ല; വി.ഡി സതീശന്‍

മാധ്യമങ്ങളെ വേട്ടയാടുന്നത് നല്ലതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമപരമായ സംവിധാനങ്ങള്‍ ഒന്നും ഉപയോഗിക്കാതെ റെയ്ഡും ഓഫീസിലെ അതിക്രമമവും ഭീഷണിപ്പെടുത്തലാണ്. ഇത് ഏഷ്യാനെറ്റിനോട് മാത്രമല്ല, മര്യാദക്ക് ഇരുന്നോളണമെന്ന മുന്നറിയിപ്പാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കലത്ത് മാധ്യമങ്ങളെല്ലാം ഏതെല്ലാം രീതിയിലാണ് ആക്ഷേപിച്ചത്. എത്ര കഠിനമായ വാക്ക് പറഞ്ഞിട്ടും കടക്ക് പുറത്തെന്ന് ഓരാളോടും പറഞ്ഞിട്ടില്ല.

പ്രണോയ് റോയ് പറഞ്ഞതു പോലെ നിങ്ങള്‍ ഇഴഞ്ഞാല്‍ അവര്‍ നിങ്ങളുടെ പിന്നാലെ വരുമെന്നാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരോട് പറയാനുള്ളത്. സര്‍ക്കാരിന് എല്ലാവരെയും പേടിയാണ്. പ്രതിപക്ഷത്തെയും പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തെയും വിമര്‍ശനങ്ങളെയും നിങ്ങള്‍ക്ക് എതിരെ വിരല്‍ ചൂണ്ടുന്നവരെയും ഭയമാണ്. എല്ലാ ഏകാധിപതികളും അരക്ഷിതത്വത്തിലാണ്. സമരമോ വിമര്‍ശനമോ ഉണ്ടായാലും പേടിയാണ്. അതുകൊണ്ടാണ് കരിങ്കൊടി കാണുമ്‌ബോള്‍ ആയിരം പൊലീസുകാര്‍ക്ക് പിന്നില്‍ ഒളിക്കുന്നത്. ഭയമാണ് നിങ്ങളെ ഭരിക്കുന്നത്. മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ച് വിലങ്ങിടാനും അവരെ അധിക്ഷേപിക്കാനും വേട്ടയാടാനും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയ കേസില്‍ പിന്നീട് അവ്യക്തമായ വീഡിയോ കൊടുത്തതിന് വ്യാജ വാര്‍ത്തയെന്ന് പറയുന്നത് ശരിയല്ല. കിട്ടുന്ന അവസരം വേട്ടയാടാന്‍ ഉപയോഗിക്കുകയാണ്. ബി.ബി.സി മോദിക്കെതിരെ ഡോക്യുമെന്ററി ഇറക്കിയപ്പോള്‍ അവരെ വേട്ടയാടാന്‍ റെയ്ഡ് നടത്തി. രാജ്യവ്യാപകമായി മാധ്യമങ്ങള്‍ക്കെതിരെയുള്ള ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ഒരുമിച്ച് ശബ്ദമുയര്‍ത്തുന്നവരല്ലേ നമ്മള്‍ എല്ലാവരും. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ക്കലും എഷ്യാനെറ്റ് ഓഫീസില്‍ അവരെ അധിക്ഷേപിച്ച് ബാനര്‍ സ്ഥാപിക്കലുമാണോ എസ്.എഫ്.ഐയുടെ ജോലി.

തില്ലങ്കേരി വാര്‍ത്തകള്‍ മുഴുവന്‍ കൊടുത്തത് കണ്ണൂരിലെ നൗഫല്‍ എന്ന ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറാണ്. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് വാര്‍ത്തയും ഗുണ്ടകളുടെ സ്വര്‍ണക്കടത്ത് വാര്‍ത്തകളും സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങള്‍ക്ക് പാര്‍ട്ടിയുമായുള്ള ബന്ധം സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയതും ഏഷ്യാനെറ്റാണ്. ഡി.വൈ.എഫ്.ഐ നേതാവ് ആകാശ് തില്ലങ്കേരിക്ക് ട്രോഫി നല്‍കിയത് റിപ്പോര്‍ട്ട് ചെയ്തതും നൗഫലാണ്. നൗഫല്‍ ബിന്‍ യൂസഫിനെ നൗഫല്‍ ബിന്‍ലാദന്‍ എന്നാണ് കണ്ണൂരിലെ സി.പി.എം സെക്രട്ടറി വിശേഷിപ്പിച്ചത്. സെക്യുലറായ മാധ്യമ പ്രവര്‍ത്തകനെ ജില്ലാ സെക്രട്ടറി പരസ്യമായി അധിക്ഷേപിച്ച് അയാളെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

 

webdesk14: