X

വേങ്ങര ഉപതെരഞ്ഞെടുപ്പ്: പിണറായി സര്‍ക്കാറിനെതിരായ വിധിയെഴുത്താകുമെന്ന് ഉമ്മന്‍ചാണ്ടി

മലപ്പുറം: ഐക്യജനാധിപത്യ മുന്നണിയുടെ ജനകീയ മുഖം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്ത് പകര്‍ന്ന് വേങ്ങരയില്‍. വോട്ടര്‍മാരില്‍ ആവേശ തിരയേറ്റം തീര്‍ത്ത പ്രിയ നേതാവിന്റെ പര്യടനം അഡ്വ. കെ.എന്‍.എ ഖാദറിന്റെ പ്രചാരണ പരിപാടികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ഇന്നലെ മൂന്ന് പഞ്ചായത്ത് കണ്‍വന്‍ഷനുകളിലാണ് ഉമ്മന്‍ ചാണ്ടി പങ്കെടുത്തത്. മൂന്ന് കണ്‍വന്‍ഷനുകളിലും വന്‍ ജനാവലിയാണ് തടിച്ചു കൂടിയത്. കേന്ദ്രസര്‍ക്കാറിന്റെ ഫാസിസ്റ്റ് മുഖവും കേരള സര്‍ക്കാറിന്റെ ജനവിരുദ്ധ മുഖവും തുറന്ന് കാട്ടിയ പ്രഭാഷണം പ്രചാരണത്തിന് ഏറെ കരുത്തു പകരുന്നതായി. ഇന്നലെ ഒതുക്കുങ്ങല്‍, കണ്ണമംഗലം, എ.ആര്‍ നഗര്‍ പഞ്ചായത്തുകളിലെ യു.ഡി.എഫ് കണ്‍വന്‍ഷനുകളിലാണ് ഉമ്മന്‍ചാണ്ടി പങ്കെടുത്തത്. ഒതുക്കുങ്ങല്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ഭരണത്തിലിരിക്കുന്നവര്‍ക്ക് ആത്മാഭിമാനത്തോടെ വേങ്ങര തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

അധികാരഗര്‍വില്‍ അഹങ്കരിച്ചിരുന്ന മോദിയിപ്പോള്‍ പരാജിതനെന്ന് സ്വയം സമ്മതിച്ച് രാജ്യത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കുകയാണ്. ഇന്ധനവില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയും നോട്ട് നിരോധനത്തിലൂടെയും ദീര്‍ഘവീക്ഷണമില്ലാതെ ജി.എസ്.ടി നടപ്പിലാക്കിയതിലൂടെ രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കുകയും ചെയ്ത ഒരു ഭരണാധികാരിക്കും സര്‍ക്കാറിനും എങ്ങിനയെണ് തലയുയര്‍ത്തി ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കുക. രാജ്യാന്തര വിപണയില്‍ എണ്ണവില മൂന്നിലൊന്നായി കുറഞ്ഞിട്ടും ജനങ്ങള്‍ ഇതിന്റെ പ്രയോജനം ലഭ്യമാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, കോര്‍പറേറ്റുകളുടെ കൈകളിലേക്ക് രാജ്യത്തിന്റെ സമ്പത്ത് എത്തിക്കുന്ന നയനിലപാടുകളാണ് സ്വീകരിക്കുന്നത്. ഇതില്‍ നിന്നെല്ലാം ശ്രദ്ധതിരിക്കുന്നതിനാണ് ആസൂത്രിതമായി ജനങ്ങളെ തമ്മിലടിപ്പിച്ച് വിഭാഗീയത വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ആത്മവിശ്വാസം നഷ്ടപ്പെട്ട് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞിരുന്ന സി.പി.എം മാസങ്ങള്‍ക്കിപ്പുറം വേങ്ങരയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍പോലും ധൈര്യം കാണിക്കുന്നില്ല. 15 മാസംകൊണ്ട് തങ്ങള്‍ സമ്പൂര്‍ണ പരാജയമായിരുന്നെന്ന് കുറ്റസമ്മതമാണ് ഇടതുപക്ഷത്തിന്റേത്. ഭരണ നേട്ടങ്ങള്‍ പറഞ്ഞ് ജനങ്ങളോട് വോട്ടുചോദിക്കാന്‍ ധാര്‍മികാവകാശമില്ലാത്തത് കൊണ്ടാണ് സി.പി.എം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുസ്്‌ലിംലീഗില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുപ്രചരണങ്ങള്‍ നടത്തുന്നത്. മുസ്്‌ലിംലീഗ് എത്രയോ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിച്ചിട്ടുണ്ട്. പാണക്കാട്ടെ തങ്ങള്‍ പറഞ്ഞിടത്ത് മുഴുവന്‍ വോട്ടുകളും വീണിട്ടുള്ള ചരിത്രമാണ് മുസ്്‌ലിംലീഗിനുള്ളതെന്ന് ആരും മറക്കണ്ട. വികസന രംഗത്ത് വട്ടപ്പൂജ്യമാണ് ഇടതു പക്ഷ സര്‍ക്കാര്‍. ആരോഗ്യമേഖലയും വിദ്യാഭ്യാസ മേഖലയും തകര്‍ത്തു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അഞ്ച് വര്‍ഷം കൊണ്ട് സ്വാശ്രയ കോളജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ ഫീസ് വര്‍ധിച്ചത് കേവലം 47,000 രൂപ മാത്രമാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തിനു കീഴില്‍ ഇന്നത് 11 ലക്ഷം രൂപ വരെയായി വര്‍ധിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും, സംസ്ഥാന സര്‍ക്കാരിന്റെയും ഭരണ പരാജയത്തിനെതിരെ പ്രതികരിക്കാന്‍ കിട്ടിയ അവസരം വേങ്ങരയിലെ വോട്ടര്‍മാര്‍ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് സംസ്ഥാനത്ത് ഏറ്റവുമധികം വികസനം നടന്ന മണ്ഡലങ്ങളിലൊന്നാണ് വേങ്ങരയെന്നും ഈ വികസന തുടര്‍ച്ചക്ക് കെ.എന്‍.എ ഖാദറിനെപ്പോലെ പരിചയസമ്പന്നര്‍ തന്നെയാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പിന്‍ഗാമിയായി അസംബ്ലിയിലെത്തേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കെ.എന്‍.എ ഖാദറിനെ വേങ്ങര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നില്‍ മുസ്‌ലിംലീഗിന് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വി.യു കുഞ്ഞാന്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എന്‍ കെ പ്രേമചന്ദ്രന്‍ എം.പി, എം. എല്‍.എമാരായി പി.അബ്ദുല്‍ ഹമീദ്, അനൂബ് ജേക്കബ്, കെ.സി. ജോസഫ്, എ.പി അനില്‍കുമാര്‍, ഡി.സി.സി പ്രസിഡന്റ്, വി.വി പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, അഡ്വ.യു.എ ലത്തീഫ്, കെ.പി അബ്ദുല്‍ മജീദ്, ഇ.മുഹമ്മദ് കുഞ്ഞി, അഡ്വ.സി.കെ അബ്ദുറഹ്്മാന്‍, എം.എം കുട്ടി മൗലവി, ടി.കെ മൊയ്തീന്‍കുട്ടി മാസ്റ്റര്‍, ഡി.സി.സി സെക്രട്ടറി ഹരിപ്രിയ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.

chandrika: