തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും അധിക്ഷേപിച്ചതിന് വാര്‍ത്താവതാരകന്‍ വേണുവിന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ശകാരം. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും സിഇഒ എന്നു വിളിച്ചതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മേഴ്‌സിക്കുട്ടിയമ്മയുടെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വേണു ഖേദപ്രകടനം നടത്തിയത് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തെ മുന്‍നിര്‍ത്തി വേണു നടത്തിയ ഒന്നാംവര്‍ഷം നന്നായോ എന്ന ചര്‍ച്ചയിലാണ് നാടകീയ സംഭവം.
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും സിഇഒ എന്ന് അധിക്ഷേപിക്കരുത്. വേണുവിന് എല്ലാം പരിഹാസമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘ജനാധിപത്യ സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. വേണു സ്വയം തിരുത്തപ്പെടേണ്ടതാണ്. ബഹുമാനമെന്ന് പറയുന്നത് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വേണം. കേരള മുഖ്യമന്ത്രിയെക്കുറിച്ച് വേണുവിന് വിയോജിപ്പുണ്ടാകാം. അത് ഞാന്‍ അംഗീകരിക്കുന്നു. അതില്‍ തര്‍ക്കമില്ല. പരസ്പര ബഹുമാനത്തോടെ സംസാരിക്കുന്നത് കൊണ്ട് വേണുവിന് ഒന്നും സംഭവിക്കുന്നില്ല. അതിനാല്‍ ആ ഭാഷ ആദ്യം പിന്‍വലിക്കുന്നതാണ് നല്ലത്. സിഇഒ പ്രയോഗം വേണ്ട. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളെ മാനിക്കണം, ജനങ്ങള്‍ തെരഞ്ഞെടുത്ത ഗവണ്‍മെന്റാണ്. കേരളത്തില്‍ തെരഞ്ഞെടുത്ത പോലെ കേന്ദ്രത്തിലും. കേന്ദ്രത്തിന്റെ രാഷ്ട്രീയ നയങ്ങളോട് ഇടതുപക്ഷത്തിന് വിയോജിപ്പുണ്ട്. എങ്കിലും കേന്ദ്രത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ തള്ളിക്കളയാറില്ല. അദ്ദേഹത്തെ സിഇഒ ആയി പറയാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല-മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ചര്‍ച്ചയില്‍ ഇടപ്പെട്ട് ഇടവേളയിലേക്ക് പോകാന്‍ ശ്രമിച്ച വേണുവിനെ മന്ത്രി വിലക്കി. തനിക്ക് മറുപടി പറയാനുണ്ടെന്നും സമയം അനുവദിക്കണമെന്നും അവര്‍ പറഞ്ഞു. ഇതിനിടെയാണ് വേണു ഖേദപ്രകടനം നടത്തിയത്. താന്‍ ഉപയോഗിച്ച ഏതെങ്കിലും വാക്കില്‍ വിമര്‍ശനത്തേക്കാള്‍ അതിരുകടന്ന അനാദരവ് ഉണ്ടായെങ്കില്‍ അതില്‍ താന്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും വേണു പറഞ്ഞു.