തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല യുട്യൂബ് വിഡിയോകള്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വെള്ളായണി സ്വദേശി വിജയ് പി. നായര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി. െഐടി ആക്ട് 67, 67(എ) വകുപ്പുകള്‍ പ്രകാരമാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അഞ്ചുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ജാമ്യവും ലഭിക്കില്ല.

അതിനിടെ വിജയ് പി. നായരുടെ പിഎച്ച്ഡി ചെന്നൈ കേന്ദ്രീകരിച്ച് ഒരു തട്ടിക്കൂട്ട് സര്‍വകലാശാലയില്‍ നിന്നാണെന്ന ആരോപണം വന്നിരുന്നു. ചെന്നൈയില്‍ ഇദ്ദേഹം പറയുന്ന പോലെ ഒരു സര്‍വകലാശാല ഇല്ല. ഇക്കാര്യത്തിലും പൊലീസ് അന്വേഷണം തുടങ്ങി.

സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് ശനിയാഴ്ച, വിജയ് പി. നായരെ, ഇയാള്‍ താമസിക്കുന്ന സ്റ്റാച്യൂ ഗാന്ധാരിയമ്മന്‍കോവില്‍ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ കൈകാര്യം ചെയ്തിരുന്നു. ഇതന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് വിജയ് പി നായരോട് മാപ്പ് പറയിപ്പിച്ചിട്ടാണ് സംഘം വീട്ടില്‍ നിന്ന് മടങ്ങിയത്.

എന്നാല്‍ ഇയാളെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.