തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യുട്യൂബര്‍ വിജയ് പി നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിജയ് നായര്‍ക്കെതിരെ ഐടി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റു ചെയ്തത്. വിജയ് പി നായരരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. വിജയ് പി നായരുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസാണ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ കേസെടുത്തത്.

ഭാഗ്യലക്ഷ്മിയും സംഘവും തന്നെ മര്‍ദ്ദിച്ചതില്‍ പരാതിയില്ലെന്നും തെറ്റു മനസിലായെന്നുമാണ് വിജയ് പി നായര്‍ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍ അര്‍ധരാത്രിയോടെ ഇയാള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

അതേസമയം ബിന്ദു അമ്മിണി, ലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ വിജയ് പി നായരുടെ യൂട്യൂബ് വീഡിയോകളുടെ ലിങ്കുകള്‍ സഹിതം നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നുവെങ്കിലും സൈബര്‍ പൊലീസോ ലോക്കല്‍ പൊലീസോ കേസ് എടുത്തിരുന്നില്ല.