തിരുവനന്തപുരം: ഏങ്ങണ്ടിയൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത വിനായകന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകള്‍ ശക്തമായ സമരത്തിലേക്ക് കടക്കുന്നു. തിരുവോണ ദിവസമായ നാളെ തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ ഉപവാസ സമരം നടത്തും. തുടര്‍ന്നും പരിഹാരമുണ്ടായില്ലെങ്കില്‍ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുമെന്ന് ദലിത് സംഘടനകളുടെ ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.
മരണത്തിനുത്തരവാദികളായ പൊലീസുകാരെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയ നാല് ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരത്തില്‍ വിനായകന്റെ കുടുംബവും പങ്കെടുക്കും. വിനായകന്‍ ആത്മഹത്യ ചെയ്തിട്ട് ഒന്നര മാസം പിന്നിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്ന് ആരോപിച്ചാണ് സമരം.
നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ പാവറട്ടി പൊലീസ് സ്റ്റേഷനിലെ രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയല്ലാതെ കൂടുതല്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിവിധ ദലിത് സംഘടനകള്‍ ഉപവസിക്കുന്നത്. പ്രതിഷേധ സൂചകമായി വായ്മൂടികെട്ടി പ്രകടനവും നടക്കും.