X

യുദ്ധത്തിനായി ആര്‍ത്തുവിളിക്കുന്നവര്‍ കേള്‍ക്കണം ഈ ജവാന്റെ ഭാര്യയുടെ ഹൃദയത്തില്‍ തട്ടുന്ന കുറിപ്പ്

കോഴിക്കോട്: പാക്കിസ്ഥാനെതിരെ യുദ്ധം വേണമെന്ന ആര്‍പ്പുവിളികളാണ് ഇപ്പോള്‍ എവിടെയും കേള്‍ക്കുമെന്നത്. എന്നാല്‍ യുദ്ധം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകള്‍ കാര്യമായി ഉണ്ടാവുന്നില്ല. ഈ അവസരത്തില്‍ യുദ്ധത്തിന്റെ ഭീകരതയെ കുറിച്ചും അതുണ്ടായക്കുന്ന അശാന്തിയെ കുറിച്ചും തുറന്നെഴുതുകയാണ് ഒരു വിമുക്ത ഭടന്റെ ഭാര്യ.

ഒരു വിമുക്തഭടന്റെ ഭാര്യയ്ക്കും ഓർമ്മകൾ ആകാം അല്ലേ.

2002-ൽ വിവാഹം കഴിക്കുമ്പോൾ അച്ചായൻ മധ്യപ്രദേശിലെ മൗ എന്ന സ്ഥലത്തായിരുന്നു. വളരെ സമാധാനമുള്ള ഒരു സ്ഥലമായിരുന്നു. എട്ടു മാസത്തോളം അവിടെ ഉണ്ടായിരുന്നെങ്കിലും MH ൽ പോകുമ്പോൾ മാത്രമേ മറ്റു പട്ടാളക്കാരെ ശ്രദ്ധിച്ചിട്ടുള്ളൂ. ഡോക്ടറെ കാണാനിരിക്കുമ്പോൾ പല തരം തൊപ്പി വച്ച തരത്തിലുള്ള ബാഡ്ജുകൾ കുത്തിയ വിവിധ രജിമെന്റുകളിലെ പട്ടാളക്കാരെ കൗതുകത്തോടെ നോക്കിയിരിക്കും. ഓരോരുത്തരുടേയും വേഷഭൂഷാദികൾ ചൂണ്ടി “ഇതേ തു റജിമെന്റാ ഇയാൾടെ തൊപ്പി എന്താ ഇങ്ങനെ” അച്ചായനെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ചിരുന്നു. തലയിൽ (തൊപ്പിയിൽ) കോഴിത്തൂവലുള്ള പട്ടാളക്കാരൻ പട്ടാളത്തിലെ പ്രധാന കോഴി ക്കള്ളനാണെന്നൊക്കെ പറഞ്ഞു തന്നിട്ടുണ്ട് അച്ചായൻ. അതു കൊണ്ടാണത്രേ തലയിൽ കോഴിത്തൂവൽ

പിന്നീട് പഞ്ചാബിലെ അബോ ഹാറിൽ മൂന്നു മാസം അച്ചായനോടൊപ്പം ഉണ്ടായിരുന്നപ്പോഴാണ് അതിർത്തി എന്നാലെന്താണെന്ന് മനസ്സിലാകുന്നത്. ഏതാനും കിലോമീറ്ററുകൾക്കപ്പുറം തക്കം പാർത്തിരിക്കുന്ന ശത്രുക്കൾ ഉണ്ടെന്നുള്ളത് പലപ്പോഴും എന്റെ ഉറക്കം കെടുത്തി. ഭൂകമ്പവും ഭീകരാക്രമണവും ഭയന്ന് വിറച്ചാണ് പല രാത്രികളും തള്ളി നീക്കിയിരുന്നത്.

ഫാജിൽ ക ബോർഡർ വെറും മുപ്പത് KM മാത്രമകലെയായിരുന്നു.എല്ലാ ഞായറാഴ്ചയും ഇന്ത്യയും പാക്കിസ്ഥാനും നേർക്ക് നേർപരേഡ്, പതാക ഉയർത്തൽ ഇവ നടക്കുന്ന ഒരു ചിന്ന ബോർഡർ. ബോർഡിന് അൽപം അകലെ ഉയർത്തി മാറ്റാവുന്ന പാലവും അടിയിൽ കനാലുമുണ്ട് യുദ്ധസമയം പാലാ മാറ്റി കനാലിലൂടെ ജലമൊഴുക്കും. ശത്രു അകത്തേയ്ക്ക് പ്രവേശിക്കാതിരിക്കാൻ. അവിടേയ്ക്കു ള്ള യാത്രയിൽ സൈനിക വേലിക്കടുത്ത് വരെ കൃഷി ചെയ്യാൻ ഉഴുതിട്ടിരിക്കുന്ന വയലുകളും, (ഇവിടെ ധാരാളം മൈനുകൾ കുഴിച്ചിട്ടിരിക്കുന്നു ഇടയ്ക്കിടെ പൊട്ടി ആളപായമുണ്ടാവുന്നു.) ഇടയ്ക്ക് യുദ്ധത്തിൽ ജീവത്യാഗം ചെയ്ത സൈനികരുടെ സ്മാരകങ്ങളും, BSFകാരുടെ ട്രഞ്ചുകളും ഒക്കെയുണ്ട്. ട്രഞ്ച് എന്നു പറഞ്ഞാൽ ഒരെലിപ്പൊത്ത് അത്രേള്ളൂ. യാതൊരു സൗകര്യവും ഇല്ലാത്ത സ്ഥലത്ത് ജീവിക്കുന്ന അവരെ കണ്ടാൽ സങ്കടം തോന്നും. എണ്ണത്തിൽ വളരെ തുച്ഛമായBSF ജവാൻമാരല്ലാതെ മറ്റു മനുഷ്യർ ആരുമില്ല. അടുത്തെങ്ങും ഒരു മുറുക്കാൻ കടപോലും ഇല്ല . വെള്ളം പോലുമില്ലാത്ത ഇല കൊണ്ട് മറച്ച മറപ്പുര (ബാത്ത് റൂമെന്നൊന്നും പറയാനാവില്ല ) ദുർഗന്ധമൊഴിവാക്കാൻ ബ്ലീച്ചിംഗ് പൗഡർ മാത്രം. പാക്കിസ്ഥാൻകാരെ അടുത്ത് കാണാനായി ഗേറ്റിനു സമീപം വേലിയുടെ അടുത്തേയ്ക്ക് നീങ്ങിയ എന്നെ BSF കാരൻ വഴക്ക് പറഞ്ഞു. മൈനുകൾ ഉണ്ടാകാമത്രേ.

ഇപ്പോഴും മൂന്നു നാലു തവണ പാക്ക് അധിനിവേശം ഉണ്ടായ ആ മണ്ണിൽ പ്രീയപ്പെട്ട പലരും ഉണ്ട്. സൈന്യത്തിലും ഉണ്ട്. കേരളമെന്ന സേഫ് സോണിലിരുന്ന് യുദ്ധത്തിന് മുറവിളി കൂട്ടുന്നവരേ,. അത്ര ആവേശമൊന്നും വേണ്ട. ഉഴുമ്പോൾ പൊട്ടിത്തെറിക്കുന്ന മൈനുകളും, വീടിന് മുകളിൽ പതിക്കുന്ന ഷെല്ലുകളും സ്വപ്നം കാണുന്ന അനേകം ജീവിതങ്ങൾ അതിർത്തി ക്ക് ഇരുവശവുമുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: