തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന് നഷ്ടം വരുത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്. നിര്‍മാണ കാലാവധി 10 വര്‍ഷം കൂട്ടി നല്‍കിയത് നിയമവിരുദ്ധവും സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമെന്നാണ് സിഎജി റിപ്പോര്‍ട്ട്. മേല്‍ നടപടി വഴി 29,217 കോടി രൂപയുടെ അധിക വരുമാനം അദാനിക്ക് കിട്ടുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കമ്പനികള്‍ക്കുള്ള കാലാവധി 30 വര്‍ഷമായി നിജപ്പെടുത്തണമെന്നാണ് രാജ്യാന്തര ഫെഡറേഷന്റെ നിര്‍ദേശം. ഇത് മറികടന്നാണ് വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതെന്നാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. ഓഹരി ഘടനയിലെ മാറ്റം സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും സിഎജി നിരീക്ഷിക്കുന്നു.

അദാനിക്ക് നേട്ടമുണ്ടാക്കാന്‍ പറ്റുന്ന തരത്തിലാണു കരാറുണ്ടാക്കിയിരിക്കുന്നതെന്ന് നേരത്തേ വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. വിഎസിന്റെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍.

സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാര്‍ പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവും. ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടതായും വരും. തങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന ഘട്ടം വന്നാല്‍ അദാനി ഗ്രൂപ്പ് നിയമപരമായി നേരിടുമെന്ന് തീര്‍ച്ചയാണ്.

ഏതായാലും വിഴിഞ്ഞം പദ്ധതിയുമായി നിലനിന്നിരുന്ന ദുരൂഹതകള്‍ക്കാണ് സിഎജി റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ വ്യക്തത വരുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്തു നടപടി കൈക്കൊള്ളുമെന്നാണ് ഇനി ക്ണ്ടറിയേണ്ടത്.